ഹൈബ്രിഡ് കഞ്ചാവ് കേസ്: കാർ വാടകയ്ക്ക് എടുത്തത് തസ്ലിമ തന്നെയെന്ന് സ്ഥിരീകരണം
1540608
Monday, April 7, 2025 11:20 PM IST
ആലപ്പുഴ: ഏകദേശം രണ്ടു കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാര്‍ വാടകയ്ക്ക് എടുത്തതു തസ്ലിമ തന്നെയെന്നു സ്ഥിരീകരിച്ചു. സുഹൃത്ത് വാടകയ്ക്ക് എടുത്തു നല്കിയ കാറിലാണു കഞ്ചാവ് കടത്തിയതെന്നായിരുന്നു കേസിലെ പ്രതിയായ തസ്ലിമ സുല്‍ത്താന ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, ആലപ്പുഴയില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തിയപ്പോഴാണു സംഭവം അറിയില്ലെന്നു തസ്ലിമയുടെ സുഹൃത്ത് പറഞ്ഞത്. തുടര്‍ന്നു എറണാകുളത്തു കാര്‍ വാടകയ്ക്കു നല്കിയ സ്ഥാപനത്തിലുള്ളവരെ പോലീസ് ബന്ധപ്പെട്ടു.
തസ്ലിമയാണു തിരിച്ചറിയല്‍ രേഖകള്‍ നല്കി കാര്‍ വാടകയ്ക്ക് എടുത്തതെന്നും സുഹൃത്തിനെ അറിയില്ലെന്നും ഇവരും എക്സൈസിനെ അറിയിച്ചു. ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ്് ലൈസന്‍സ് എന്നിവയിലെ ചിത്രങ്ങളിലെ അവ്യക്തത മറയാക്കിയാണു തന്റെ തിരിച്ചറിയല്‍ വിലാസമെന്ന പേരില്‍ തസ്ലിമ, സുഹൃത്തിന്റെ രേഖകള്‍ നല്‍കിയത്. സമാനരീതിയില്‍ മുന്‍പും മറ്റൊരാളുടെ രേഖകള്‍ ദുരുപയോഗം ചെയ്തിരിക്കാനുള്ള സാധ്യത എക്സൈസ് പരിശോധിക്കുന്നുണ്ട്.
അസി. എക്സൈസ് കമ്മീഷണര്‍ എസ്. അശോക് കുമാറിന്റെ നേതൃത്വത്തിലാണു തസ്ലിമയുടെ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇവരുടെ ഉഡുപ്പിയിലുള്ള വിലാസവും ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്സുമാണു നല്‍കിയത്. ഈ യുവതിക്കു കഞ്ചാവുകടത്തുമായി ബന്ധമുണ്ടോയെന്നതില്‍ വ്യക്തത വന്നിട്ടില്ല. മൂന്നു കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ, സഹായി കെ. ഫിറോസ് (26) എന്നിവരെയാണു കഴിഞ്ഞ ദിവസം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഓമനപ്പുഴയിയില്നിന്നു പിടികൂടിയത്. എറണാകുളത്തുനിന്നു വാടകയ്ക്കെടുത്ത കാറിലാണ് ഇവര്‍ ഓമനപ്പുഴയിലെത്തിയത്.