അയ്യപ്പഞ്ചേരി-പുത്തനങ്ങാടി റോഡ് നിർമാണത്തിനു തുടക്കമായി
1540291
Sunday, April 6, 2025 11:52 PM IST
ചേര്‍ത്തല: കാലങ്ങളായി ഗതാഗതം ദുസഹമായിക്കിടന്ന അയ്യപ്പഞ്ചേരി-പുത്തനങ്ങാടി റോഡ് നിർമാണത്തിനു തുടക്കമായി. മന്ത്രി പി. പ്രസാദിന്റെ ആസ്തിവികസന ഫണ്ടിൽനിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പി. പ്രസാദ് നിര്‍വഹിച്ചു. റോഡിന്റെ പൂർത്തീകരണത്തിനായി 36 ലക്ഷം രൂപ വീണ്ടും അനുവദിച്ചിട്ടുണ്ട്.
15 ലക്ഷം രൂപ ചെലവഴിച്ച് പാട്ടുകുളങ്ങര-പാലവേലിൽ റോഡ് നിർമാണം പൂർത്തീകരിച്ചു. കൂടാതെ പുത്തനമ്പലം- അയ്യപ്പഞ്ചേരി ക്ഷേത്രക്കുളങ്ങളുടെ നവീകരണവും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കലും ലൂഥർ കവല-അയ്യപ്പഞ്ചേരികവല റോഡിന്റെ ബിസി ഓവർലേ നിർമാണം എന്നിവക്കും ഫണ്ട് അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അഞ്ചു കോടി രൂപ ചെലവഴിച്ച് നിയോജകമണ്ഡലത്തിലെ 20 അങ്കണവാടികൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി കഞ്ഞിക്കുഴിയില്‍ മൂന്ന് സ്മാർട്ട് അങ്കണവാടികൾ നിർമാണ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും കഞ്ഞിക്കുഴി കൃഷിഭവൻ സ്മാർട്ട് ആക്കുന്നതിനായി ഒരു കോടി 42 ലക്ഷം രൂപ അനുവദിച്ച് പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈരഞ്ജിത്ത് സ്വാഗതം പറഞ്ഞു.
കെ. സുരജിത്ത്, പി. തങ്കച്ചൻ, സി. സുധീർകുമാർ, എൻ. ഉണ്ണികൃഷ്ണൻ, കെ.ജി. വേണുഗോപാൽ, എൻ.പി. ധനുഷ്, വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.