എംഡിഎംഎയുമായി ക്രിമിനൽ കേസ് പ്രതി പിടിയിൽ
1540606
Monday, April 7, 2025 11:20 PM IST
ചാരുംമൂട്: ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും നുറനാട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പത്തു ഗ്രാം എംഡിഎംഎയുമായി ക്രിമിനൽ കേസ് പ്രതി പിടിയിൽ. പാലമേൽ സിബിഎം സ്കൂളിന് തെക്ക് കാവിൽ ശ്യാം (29) ആണ് പിടിയിലായത്. ചാരുംമൂട് ജംഗ്ഷനുസമീപം നിന്നാണ് ഇയാളെ പിടികൂടിയത്. ആദിക്കാട്ടുകുളങ്ങര ഭാഗത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ലഹരിവിരുദ്ധ സ്ക്വാഡ് മാസങ്ങളായി ഇയാളെ നീരീക്ഷിച്ചുവരികയായിരുന്നു.
പല തവണ വീട്ടിൽ പരിശോധനയ്ക്ക് എത്തുന്ന സമയം പിറ്റ് ബുൾ ഇനത്തിൽപ്പെട്ട പട്ടിയെ പോലീസിനുനേരെ അഴിച്ചുവിടുകയും ആ സമയം ലഹരിവസ്തുകൾ മാറ്റുകയുമായിരുന്നു ഇയാൾ ചെയ്തിരുന്നത്.
മയക്കുമരുന്ന് പരിശോധയെന്ന പേരിൽ പോലീസ് നിരന്തരം വീട്ടിൽ എത്തി ശല്യം ചെയ്യുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകി പോലീ സിന്റെ ശ്രദ്ധ തിരിച്ച് വൻതോതിൽ മയക്കുമരുന്ന് വ്യാപാരം ഇയാൾ നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാനത്തിനു പുറത്തുനിന്ന് മയക്ക് മരുന്നു വാങ്ങാൻ പോകുന്ന വിവരം രഹസ്യമായി നിരീക്ഷിച്ചതിന്റെ ഫലമായാണ് ഇയാൾ വൻ തോതിൽ എംഡിഎം യുമായി പിടിയിലായത്. എഡിജിപിയുടെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. മൂന്നുദിവസത്തിനുള്ളിൽ 130 ഗ്രാം എംഡി എംഎയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികുടിയത്.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ ഡിവൈ എസ്പി. എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ സിഐ ശ്രീകുമാർ, എസ് ഐ രാജേന്ദ്രൻ, എഎസ്ഐ ബിനു വർഗീസ്, സിപിഒ ജഗദിഷ്, സിജു, എസ്ഐ മിഥുൻ എന്നിവരാണ് പ്രതിയെ പിടികുടിയത്.