പൊന്തുവള്ളങ്ങളിലെ തൊഴിലാളി സംഗമം: പരമ്പരാഗത മത്സ്യബന്ധനം സംരക്ഷിക്കപ്പെടണമെന്ന്
1540607
Monday, April 7, 2025 11:20 PM IST
ചേര്‍ത്തല: പരമ്പരാഗത മത്സ്യബന്ധനത്തിന് പുത്തൻ സാധ്യതകൾ നൽകിയ പൊന്തുവള്ളങ്ങളിലെ മത്സ്യബന്ധനം സംരക്ഷിക്കാൻ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ മത്സ്യത്തൊഴിലാളി സംഗമം തീരുമാനിച്ചു. പരമ്പരാഗത മേഖലയിലേക്ക് കടന്നുവന്ന യന്ത്രവൽകൃത രീതികളുടെ ചെലവ് താങ്ങാനാവാതെ വന്നതോടെയാണ് പൊന്തുവെള്ളം എന്ന ആശയം തൊഴിലാളികള്‍ പരീക്ഷിച്ചത്.
ഇത് വിജയം കണ്ടതോടെ മത്സ്യത്തൊഴിലാളികളിൽ കൂടുതല്‍പേരും പൊന്തുവള്ളം മേഖലയിലേക്ക് എത്തി. പരമ്പരാഗത ഒറ്റത്തടി വള്ളത്തിൽനിന്ന് കെട്ടുവള്ളങ്ങളിലേക്കും ഫൈബർ വള്ളങ്ങളിലേക്കും യന്ത്രസഹായത്തോടെ മത്സ്യമേഖല കുതിച്ചെങ്കിലും ഭാരിച്ച ചെലവും സർക്കാർ ഇന്ധന സബ്സിഡി പിൻവലിച്ചതും മേഖലയെ പ്രതിസന്ധിയിലാക്കി.
കൂട്ടായ അധ്വാനത്തിലെ കുറഞ്ഞവരുമാനവും സുരക്ഷിത മത്സ്യബന്ധനം നടത്താൻ ജില്ലയിൽ ഹാർബറുകൾ ഇല്ലാത്തതിന്റെ അപര്യാപ്തതയുമാണ് ജില്ലയിൽ പൊന്തുവള്ളങ്ങൾ വ്യാപകമാകാന്‍ ഇടയാക്കിയത്. സർക്കാർ സഹായങ്ങൾ ഒന്നുമില്ലാതെ അഞ്ചിലധികം പേർക്ക് ജോലി നൽകിയ പരമ്പരാഗതരീതിയിലേക്കുള്ള മത്സ്യത്തൊഴിലാളികളുടെ തിരിച്ചുപോക്ക് സംരക്ഷിക്കപ്പെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
അര്‍ത്തുങ്കലില്‍ നടന്ന സംഗമം കൃപാസനം കോസ്റ്റൽ മിഷൻ ഡയറക്ടർ ഫാ. വി.പി. ജോസഫ് വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളെ സാഹസിക ടൂറിസത്തിന്റെയും തീരസുരക്ഷയുടെയും പേരിൽ നിരോധിച്ചാൽ അത് പ്രതിരോധിക്കുമെന്ന് സംഗമത്തിൽ അധ്യക്ഷത വഹിച്ച ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ പറഞ്ഞു. രാജു ആശ്രയം, ആന്റണി കുരിശുങ്കൽ, ഷാജീ പീറ്റർ, ആന്റണി പുത്തൻപുര, സുബാഷ് മാരാരിക്കുളം എന്നിവർ പ്രസംഗിച്ചു.