വാഹനപരിശോധനയ്ക്കിടെ നികുതി വെട്ടിച്ചുകടത്തിയ സിഗരറ്റ് പിടികൂടി
1540294
Sunday, April 6, 2025 11:52 PM IST
അമ്പലപ്പുഴ: നികുതി വെട്ടിച്ചു കടത്തിയ നാലരലക്ഷം രൂപയുടെ സിഗരറ്റ് വാഹന പരിശോധനയ്ക്കിടെ പിടികൂടി പിഴ ഈടാക്കിയ ശേഷം നടപടികൾ ഒഴിവാക്കി വിട്ടുകൊടുത്തു.
അമ്പലപ്പുഴ കരൂർ ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ അമിത വേഗതയിൽ വന്ന വാഹനം അപകടത്തിൽ പെട്ടതിനെത്തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് യാതൊരു രേഖകളും ഇല്ലാതെ കടത്തുകയായിരുന്ന നാലരലക്ഷം രൂപയുടെ സിഗരറ്റ് കണ്ടെത്തിയത്. ബംഗളൂ രുവിൽനിന്നു കരുനാഗപ്പള്ളിയിലേക്ക് നികുതി വെട്ടിച്ചുപോകുകയായിരുന്ന സിഗരറ്റുകളാണ് പിടികൂടിയത്.
നികുതി ഇനത്തിൽ സർക്കാരിലേക്ക് 28 ശതമാനം അടയ്ക്കേണ്ട പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. നികുതി വെട്ടിച്ച് പുകയില ഉത്പന്നങ്ങളും മറ്റും ടൂറിസ്റ്റ് ബസുകളിലും പാഴ്സൽ സർവീസുകളിലും കയറ്റിവിടുന്ന സംഘങ്ങളിൽ പെട്ട പാലക്കാട് സ്വദേശിയായ റിയാസ് എന്നയാളാണ് സിഗരറ്റ് കടത്തി പോയത്. തുടർന്ന് ജിഎസ് ടി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു രണ്ടരലക്ഷം രൂപ പിഴ ഈടാക്കിയ ശേഷമാണ് സിഗരറ്റ് വിട്ടുകൊടുത്തത്. അമ്പലപ്പുഴ സബ് ഇൻസ്പെക്ടർ ബിജോയിയുടെ നേതൃത്വത്തിലാണ് സിഗരറ്റുകൾ പിടികൂടിയത്.