ചക്കരക്കടവ് സെന്റ് ജോർജ് പള്ളി പുനർ കൂദാശ നടത്തി
1540288
Sunday, April 6, 2025 11:52 PM IST
ആലപ്പുഴ: പുത്തനങ്ങാടി ചക്കരക്കടവ് സെന്റ് ജോര്‍ജ് പള്ളിയുടെ പുനര്കൂദാശാകർമം ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിർവഹിച്ചു. പുറക്കാട് തുറമുഖത്തിന്റെ അധഃപതനത്തോടെ വിദേശവ്യാപാരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസന്‍ 1792 ലാണ് ആലപ്പുഴ തുറമുഖം നിര്‍മിക്കുന്നത്.
തുടര്‍ന്ന് അദ്ദേഹം പള്ളാത്തുരുത്തി ആറിനെ ബന്ധിപ്പിച്ച് വാണിജ്യക്കനാലും പുന്നമടയാറിനെ യോജിപ്പിച്ച് വാടക്കനാലും വെട്ടിയുണ്ടാക്കി. അതേത്തുടര്‍ന്ന്, പുറക്കാട് തുറമുഖത്തിന്റെ തകര്‍ച്ചയോടെ അവിടെ വ്യാപാരം നടത്തിയിരുന്ന ക്രിസ്ത്യാനികളില്‍ പലരും ആലപ്പുഴയിലെത്തി വാണിജ്യക്കനാലിന്റെ വടക്കേക്കരയില്‍ താമസം ആരംഭിച്ചു.
അതോടൊപ്പം തന്നെ വ്യവസായ പ്രമുഖനായിരുന്ന തച്ചില്‍ മാത്തൂ തരകന് വിവിധ സ്ഥലങ്ങളില്‍നിന്നായി 64 നസ്രാണി കുടുംബങ്ങളെ ഈ ഭാഗത്ത് കൊണ്ടുവന്ന് താമസിപ്പിച്ചു.
അങ്ങാടി 64 എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. കരവഴിയും കടല്‍വഴിയും കനാല്‍വഴിയും വ്യാപാരപ്രവര്‍ത്തനങ്ങള്‍ നടന്നതിനാല്‍ ഈ സ്ഥലം പുത്തനങ്ങാടിയെന്നും അറിയപ്പെട്ടു.
അന്നത്തെ കാലത്ത് വ്യാപാരത്തിനായി ചരക്കുകള്‍ കയറ്റി വന്നിരുന്ന വള്ളങ്ങള്‍ സാധനങ്ങള്‍ കയറ്റി ഇറക്കുവാനുള്ള കടവ് ദൈവാലയത്തിന് മുന്‍വശത്ത് ഇന്നും കാണാം. ചക്കരയുടെ മൊത്ത വ്യാപാരം ഇവിടെ നടന്നിരുന്നതിനാലാവാം ചക്കരക്കടവ് എന്ന പേര് ഇതിനുണ്ടായത്. പള്ളിയും ചക്കരക്കടവ് പള്ളി എന്ന് പ്രസിദ്ധമായി.
പുത്തനങ്ങാടിയില്‍ ക്രൈസ്തവസാന്നിധ്യം വര്‍ധിച്ചതോടെ ദൈവാലയം വേണമെന്ന നിവേദനം 1744 ജനുവരിയിൽ അമ്പലപ്പുഴയിലെ ചെമ്പകശേരി രാജാവിന് നല്കി. 1745ല്‍ സെന്റ് ജോര്‍ജിന്റെ നാമത്തില്‍ ഓലമേഞ്ഞ ദൈവാലയം പുത്തനങ്ങാടിയില്‍ സ്ഥാപിതമായി.
ഇന്നുകാണുന്ന ദൈവാലയത്തിന് 1939 ഡിസംബര്‍ 22ന് ചങ്ങനാശേരി മെത്രാന് മാര്‍ ജയിംസ് കാളാശേരി അടിസ്ഥാനശില സ്ഥാപിച്ചു. 1954ല്പണി പൂര്‍ത്തിയായ പള്ളി ചങ്ങനാശേരി മെത്രാപ്പോലീത്താ മാര്‍ മാത്യു കാവുകാട്ട് കൂദാശ ചെയ്തു. തലപ്പള്ളിയായ പഴയങ്ങാടി മാര്‍ സ്ലീവാ ഫൊറോനാ പള്ളിയില്‍നിന്ന് 1976 മാര്‍ച്ച് 21-ാം തീയതി പുത്തനങ്ങാടി സെന്റ് ജോര്‍ജ് ദൈവാലയത്തെ സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചു.
നവീകരിക്കപ്പെട്ട പള്ളിയുടെ പുനര്‍കൂദാശ ചടങ്ങുകൾക്ക് വികാരി ജോബിൻ തൈപ്പറമ്പിൽ, സഹവികാരി ബിനു കൂട്ടുമ്മൽ, ഡീക്കൻ ജോപോൾ, കൈക്കാരന്മാരായ സുശീൽ ചെറയാൻ അബ്രാം സെബാസ്റ്റ്യൻ, ജോസഫ് ടി. ചാക്കോ, ഐസി തോമസ്, റോയ് വേലിക്കെട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.