സംഭരണം നടക്കുന്നില്ല; നെല്ലിന് കാവലായി കർഷകർ
1540045
Sunday, April 6, 2025 5:37 AM IST
മങ്കൊമ്പ്: സമരങ്ങളും പരാതികളും ഒരുവഴിക്കു നടക്കുമ്പോഴും കുട്ടനാട്ടില്‍ നെല്ലുസംഭരണം ഇഴഞ്ഞുനീങ്ങുന്നു. മില്ലുകാര്‍ക്കു രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അകമഴിഞ്ഞ പിന്തുണ കൂടിയായതോടെ പല പാടശേഖരങ്ങളിലും പത്തുദിവസത്തിലേറെയായി കൊയ്ത നെല്ലു സംഭരിക്കാതെ കെട്ടിക്കിടക്കുകയാണ്. ആദ്യഘട്ടത്തില്‍ മില്ലുകാരുടെ ഏജന്റുമാരെത്തി കിഴിവു വിലപേശല്‍ നടത്തിയിരുന്നെങ്കില്‍ വിളവെടുപ്പു സജീവമായതോടെ മില്ലുകാരോ ഉദ്യോഗസ്ഥരോ പല പാടശേഖരങ്ങളിലേക്കും തിരിഞ്ഞുനോക്കുന്നുപോലുമില്ല.
ആറുമാസത്തെ അധ്വാനഫലവും ഒരുവര്‍ഷത്തെ വരുമാന മാര്‍ഗവുമായ നെല്ലിനു കാവലിരിക്കുകയാണ് കര്‍ഷകര്‍. നീലംപേരൂര്‍ കൃഷിഭവന് പരിധിയില്‍ വരുന്ന ആക്കനടി പാടശേഖരത്തില്‍ വിളവെടുപ്പു തുടങ്ങിയിട്ടു ഒരാഴ്ചയിലേറെയായി. എന്നാല്‍, നാളിതുവരെ നെല്ലെടുക്കുന്നതിനുള്ള ഒരു നടപടിയും ആയിട്ടില്ല. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള ഒരു മില്ലിനാണ് ഇവിടെ സംഭരണച്ചുമതലയുള്ളത്. എന്നാല്‍, മില്ലുകാരോ, അവരുടെ ഇടനിലക്കാരോ ഇതുവരെ ഇവിടെയെത്തുകയോ നെല്ലിന്റെ സാമ്പിള്‍ പരിശോധനയ്ക്കെടുക്കുകയോ ചെയ്തിട്ടില്ല.
പാഡി മാര്‍ക്കറ്റിംഗ് ഓഫീസില്‍ പലവട്ടം വിളിച്ചുപറഞ്ഞിട്ടും അവരുടെ ഭാഗത്തുനിന്നും യാതൊരു മറുപടിയുമില്ല. ഇത്തവണ യഥാസമയം നെല്ലുസംഭരിക്കാമെന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നതായി പാടശേഖരസമിതി ഭാരവാഹികള്‍ പറയുന്നു.
എന്നാല്‍, നാളിതുവരെ ഉദ്യോഗസ്ഥരാരും ഇവിടെയെത്തിയിട്ടില്ല. മില്ലുകാര്‍ക്ക് ഒത്താശചെയ്യാന്‍ ഉദ്യോഗസ്ഥരും മൗനം പാലിക്കുന്നതാണെന്നു കര്‍ഷകര്‍ പറയുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ചു മികച്ച നെല്ലാണ് ഇത്തവണ ലഭിച്ചിരിക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്.
350 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ 140 ഓളം കര്‍ഷകരാണുള്ളത്. കൊയ്തെടുത്ത നെല്ല് പടുതയിട്ടു സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. വെയിലുള്ള സമയങ്ങളില്‍ നെല്ല് ഉണക്കി സൂക്ഷിക്കാനും ഇവര്‍ ശ്രദ്ധിക്കുന്നു.
ആഴ്ചകളോളമായി പാടത്തുതന്നെ ചെലവഴിക്കേണ്ടി വരുന്ന കര്‍ഷകരുടെ ദുരിതങ്ങളും പണച്ചെലവും ഏറെയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കൂട്ടത്തോടെ ഓഫീസുകള്‍ കയറിയിറങ്ങാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍. അതേസമയം, എച്ച് ബ്ലോക്ക് പഴേ പതിനാലായിരം കായലിലും ദിവസങ്ങളായി വിളവെടുത്ത നെല്ല് കെട്ടിക്കിടക്കുകയാണ്.