എഴുപതോളം പേരെ കടിച്ച നായയെ പിടികൂടിയില്ല, ജനം ഭീതിയിൽ
1540064
Sunday, April 6, 2025 5:37 AM IST
മാവേലിക്കര: എഴുപതോളം പേരെ അക്രമിച്ച നായയെ പിടികൂടാനായില്ല. നായയെ ചെട്ടികുളങ്ങരയിലെ പേള, കണ്ണമംഗലം എന്നീ ഭാഗങ്ങളില്‍ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു. 47 പേര് വെള്ളിയാഴ്ച ചികിത്സതേടിയിരുന്നു. 18 പേര് ഇന്നലെ രാവിലെ യും രാത്രിയിലുമായാണ് ചികിത്സയ്ക്ക് എത്തിയത്. ഇതില്‍ 70 പേരേയും ഒരേ നായ തന്നെയാണ് കടിച്ചത്.
രണ്ടുപേര്‍ മറ്റൊരു നായയുടെ കടിയേറ്റാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. ടെസ്റ്റ് ഡോസ് അലര്‍ജി ആയതിനാല്‍ നാലുപേര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. കറുപ്പു നിറമുള്ള തെരുവുനായ വെള്ളിയാഴ്ച രാവിലെ മുതലാണ് ഓടിനടന്ന് നിരവധി ആളുകളെ കടിച്ചത്. പുതിയകാവ്, കല്ലുമല, കെഎസ്ആര്‍ടിസി ജംഗ്്ഷന്, വാട്ടര്‍ അഥോറിറ്റി ഓഫീസ് പരിസരം, നടയ്ക്കാവ് മാവേലിക്കര നഗരസഭ ബസ് സ്റ്റാന്‍ഡ്, എവിജെ ജംഗ്്ഷന്, കാളച്ചന്ത എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്.
കൂടുതല്‍ കേസുകള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ പ്രദേശവാസികള്‍ ഭീതിയുടെ നിഴലിലാണ്. മാവേലിക്കര നഗരസഭയുടെ നേതൃത്വത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള വാക്സിനേഷന് തുടരുകയാണ്.
തെരുവുനായയ്ക്ക് പേ വിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ നായയ്ക്കു പേയുണ്ടെങ്കില്‍ വലിയ വിപത്തിനു സാക്ഷിയാകേണ്ടി വരുമോ എന്ന ഭീതിയിലാണ് മാവേലിക്കര നിവാസികള്‍. എന്നാല്‍, തെരുവു നായകളില്‍ 20 ഓളം എണ്ണത്തിന് വാക്സിനേഷന് നല്‍കിയെന്നും വരും ദിവസങ്ങളിലും വാക്സിനേഷന് തുടരുമെന്നും വെറ്ററിനറി സര്ജന് ആര്. അജു പറഞ്ഞു.