പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്ത നാട്ടുകാരെ ആക്രമിച്ച പ്രതികൾ പിടിയിൽ
1540283
Sunday, April 6, 2025 11:52 PM IST
അമ്പലപ്പുഴ: പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്ത നാട്ടുകാരെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പാനൂർ പല്ലന സ്വദേശികളായ ആഞ്ഞിലത്തറ ഹൗസിൽ അജാസ് മുഹമ്മദ് (21), വെട്ടുതറ കാട്ടിൽ ഹൗസിൽ ബാസിത് (19), പേരേത്ത് ഹൗസിൽ അൻവർ അനസ് (23) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലപ്പുഴ കായിപ്പള്ളി അമ്പലത്തിനു സമീപമിരുന്ന് പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്ത ആളെ ബൈക്ക് തടഞ്ഞുനിർത്തി പ്രതികൾ ചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയും ഹെൽമെറ്റ് കൊണ്ടടിക്കുകയും അത് കണ്ടു തടസം പിടിക്കാൻ ചെന്ന സഹോദരിയെ മുടിക്ക് കുത്തിപ്പിടിക്കുകയും വടികൊണ്ട് കാലിൽ അടിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. ഓച്ചിറ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തു അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ നേരത്തേ തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ കുരുമുളക് സ്പ്രേ അടിച്ചു നാട്ടുകാരെ ആക്രമിച്ച കേസിലും കഞ്ചാവ് കൈവശം വച്ച കേസിലും അമ്പലപ്പുഴയിൽ കെഎസ്ആർടിസി കണ്ടക്ടറെയും ഡ്രൈവറെയും ആക്രമിച്ച കേസിലെയും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനീഷ് കെ. ദാസ്, ജിഎസ്ഐമാരായ വേണുഗോപാലൻ, നവാസ്, പ്രൊബേഷൻ എസ്ഐ നിധിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഷാദ്, ജോസഫ് ജോയി, സിവിൽ പോലീസ് ഓഫീസർ തൻസിം ജാഫർ, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.