എല്ലാത്തിലും ഒന്നാമതായ നമ്മള് ലഹരിയിലും ഒന്നാമത്: ജി. സുധാകരന്
1540603
Monday, April 7, 2025 11:20 PM IST
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്. ഒന്നാമതെന്നാണ് നമ്മള് പറഞ്ഞു നടക്കുന്നതെന്നും ആദ്യം നിര്‍ത്തേണ്ടത് ഈ സ്വയം പുകഴ്ത്തലാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിലും ഒന്നാമതായ നമ്മള് ലഹരിയിലും ഒന്നാമതാണെന്ന് സുധാകരന് കുറ്റപ്പെടുത്തി.
ലോകാരോഗ്യദിനത്തോടനുബന്ധിച്ച് റെഡ് ക്രോസ് സൊസൈറ്റിയും ഹെല്‍ത്ത് ഫോര്‍ ഓള് ഫൗണ്ടേഷനും ആലപ്പുഴയില്‍ നടത്തിയ ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധാകരന്.
വ്യവസായവകുപ്പിനെതിരേയും സുധാകരന് വിമര്‍ശനം ഉന്നയിച്ചു. ആലപ്പുഴയിലെ വ്യവസായ സ്ഥാപനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ടി.വി. തോമസിനു ശേഷം ആലപ്പുഴയില്‍ വല്ല വ്യവസായവും വന്നോ എന്നും സുധാകരന് ചോദിച്ചു.
വ്യവസായ മേഖലയെ വിമര്‍ശിച്ച സുധാകരന് പരീക്ഷാ നടത്തിപ്പിനെയും രൂക്ഷമായി വിമര്‍ശിച്ചു. പരീക്ഷകളെ സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉത്തരക്കടലാസുകള്‍ കാണാതെ പോകുകയാണെന്നും എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സ്കൂട്ടറിലാണ് കൊണ്ടുപോകുന്നതെന്നും ഇതിനെതിരേ യാതൊരു നടപടിയും ഇല്ലെന്നും സുധാകരന് പറഞ്ഞു. ഒരു വിദ്യാര്‍ഥി സംഘടനയും ഇതിനെതിരേ പ്രതികരിക്കുന്നില്ലെന്നും പരീക്ഷയ്ക്കൊന്നും വ്യവസ്ഥകള്‍ ഇല്ലാത്ത സ്ഥിതിയാണെന്നും സുധാകരന് പറഞ്ഞു.
എന്തുതരം ലഹരിയും ഇവിടെകിട്ടും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എംഎല്‍എയുടെ മകന്റെ കാര്യത്തില്‍ സജി ചെറിയാനെതിരേ ഞാന്‍ സംസാരിച്ചു എന്ന് വാര്‍ത്ത വന്നിരുന്നു. എംഎല്‍എയുടെ മകനെ ആശ്വസിപ്പിക്കാന്‍ പോയ വ്യക്തിയാണ് താനെന്നും അവനെ എനിക്കറിയാമെന്നും അവന് ലഹരി ഒന്നും ഉപയോഗിക്കാത്ത ആളാണെന്നും സുധാകരന് പറഞ്ഞു.
ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്‍ എന്നു പറഞ്ഞിട്ട് കാര്യമില്ലെന്നും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കൊണ്ട് സാധാരണക്കാരന് ഒരു കാര്യവുമില്ലെന്നും അഞ്ചുവര്‍ഷത്തേക്ക് മന്ത്രിയായ വ്യക്തിയാണ് വീണ ജോര്‍ജ് എന്നും അതിനുമുമ്പും ആരോഗ്യവകുപ്പ് ഇവിടെ ഉണ്ടായിരുന്നുവെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.