എടത്വ പള്ളി തിരുനാള്‍: അവലോകന യോഗം ചേര്‍ന്നു
1540605
Monday, April 7, 2025 11:20 PM IST
എടത്വ: സെന്റ് ജോര്‍ജ് ഫെറോനാ പള്ളി തിരുനാളിന്റെ ഭാഗമായി അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (എഡിഎം) ആശാ സി. ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ഫെറോനാ പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, സബ് കളക്ടര്‍ സമീര്‍ കിഷന് എന്നിവരും സന്നിഹിതരായി.
എല്ലാവകുപ്പുകളുടെയും ഏകോപനത്തോടെ തിരുളിനുള്ള ഒരുക്കങ്ങള്‍ കൃത്യതയോടെ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകളും ജലഗതാഗതവകുപ്പ് കൂടുതല്‍ ബോട്ട് സര്‍വീസുകളും നടത്തും. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തിരുനാള്‍ ദിവസങ്ങളില്‍ പള്ളിയും പരിസരവും പൂര്‍ണമായി സിസിടിവി നിരീക്ഷണത്തിലാക്കും. ഏപ്രില്‍ അവസാനത്തോടെ തീര്‍ഥാടകര്‍ ക്യാമ്പ് ചെയ്തു തുടങ്ങുന്നതിനാല്‍ പോലീസ് സുരക്ഷ ഉറപ്പുവരുത്തും. തിരുനാള്‍ ദിവസങ്ങളിലെ മാലിന്യനിര്‍മാര്‍ജനത്തിന് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തും. തിരുനാളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ക്ലിനിക് ആരംഭിക്കുകയും ആംബുലന്‍സ് സൗകര്യം ഉറപ്പുവരുത്തുകയും ചെയ്യും.
എടത്വ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. തിരുനാളുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അഗ്നിരക്ഷാസേന, ഫയര്‍ എഞ്ചിന്, ഡിങ്കി ബോട്ട്, സ്ക്യൂബ ഡൈവേഴ്സ് തുടങ്ങിയ സജ്ജീകരണങ്ങള്‍ ഉറപ്പാക്കും.വാട്ടര്‍ അഥോറിറ്റി കൂടുതല്‍ പൊതുടാപ്പുകള്‍ ഒരുക്കും. എക്സൈസ് പരിശോധന ശക്തമാക്കുകയും ലീഗല്‍ മെട്രോളജി സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയും ചെയ്യും.
യോഗത്തില്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, എടത്വ സെന്റ് ജോര്‍ജ് ഫെറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു, എടത്വ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ്, അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷ്, കുട്ടനാട് തഹസില്‍ദാര്‍ പി.ഡി. സുധി, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.