പൈപ്പുപൊട്ടി ജലം പാഴാവുന്നു; അധികൃതർക്കു കണ്ടഭാവമില്ല
1534247
Wednesday, March 19, 2025 12:05 AM IST
ചാരുമൂട്: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുമ്പോൾ കെപി റോഡിൽ കുടിവെള്ളവിതരണ പൈപ്പ് തകർന്ന് ദിവസങ്ങളായി ലക്ഷക്കണക്കിന് ലിറ്റർ ജലം റോഡു വഴി ഒഴുകി പാഴാകുമ്പോഴും നടപടിയില്ല. തകരാർ പരിഹരിക്കാത്ത വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധം ഉയരുകയാണ്.
കായംകുളം-പുനലൂർ സംസ്ഥാനപാതയിൽ നൂറനാട് ആശാൻ കലുങ്കിനും മാമ്മൂട് ജംഗ്ഷനുമിടയിലാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പ്രദേശവാസികൾ നിരവധി തവണ മാവേലിക്കര വാട്ടർ അഥോറിറ്റി ഓഫീസിൽ വിവരം അറിയിച്ചിട്ടും അധികൃതർക്ക് കണ്ട ഭാവമില്ല.
പൈപ്പ് സ്ഥാപിച്ച കരാറു കാരൻ ശരിയാക്കുമെന്ന മറുപടി മാത്രമാണ് ഉദ്യോഗസ്ഥരിൽനിന്ന് നാട്ടുകാർക്ക് ലഭിക്കുന്നത്. ബിൽ തുക കുടിശിക വരുത്തുന്നവരുടെ കണക്ഷൻ വിഛേദിക്കുന്ന ഉദ്യോഗസ്ഥർക്ക്, പാഴാകുന്ന ജലത്തിന്റെ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്.
അച്ചൻകോവിലാറ്റിൽ ജല നിരപ്പ് താഴ്ന്നതിനെത്തുടർന്ന് ഒരുതവണ മാത്രമാണ് ഇപ്പോൾ പമ്പിംഗ് നടത്തുന്നത്. ഒരു പഞ്ചായത്തിലെ ജനങ്ങൾക്കു പോലും കുടിവെള്ള വിതരണം തികയാതിരിക്കുമ്പോഴാണ് പല സ്ഥലത്തും കുടിവെള്ള വിതരണ പൈപ്പ് തകർന്ന് വെള്ളം പാഴാകുന്നത്. തകർന്ന പൈപ്പുകൾ മാറ്റിസ്ഥാപിക്കുവാനും കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കുവാനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.