വിളവെടുപ്പിനിടെ കർഷകൻ കുഴഞ്ഞു വീണു മരിച്ചു
1533631
Sunday, March 16, 2025 11:49 PM IST
മങ്കൊമ്പ്: വിളവെടുപ്പിനിടെ കർഷകൻ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു. മാമ്പുഴക്കരി പതിനഞ്ചിൽ ജയമോനാ(ബാബു-55)ണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ രാമങ്കരി കൃഷിഭവൻ പരിധിയിലെ കാഞ്ഞിക്കൽ പാടശേഖരത്തിലാണ് ഇദ്ദേഹം കുഴഞ്ഞുവീണത്.
ജയമോൻ ഇവിടെ സ്വന്തം നിലത്തിനു പുറമേ പാട്ടത്തിനു കൃഷിയിറക്കിയിരുന്നു. യന്ത്രമുപയോഗിച്ചു പാടത്ത് കൊയ്ത്തു നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പാടശേഖരത്തിനു നടുവിലായതിനാൽ കരയ്ക്കെത്തിക്കുക ഏറെ പ്രയാസകരമായിരുന്നു. കൊയ്ത്ത് യന്ത്രത്തിലെ ഡ്രൈവർമാരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന ഇദ്ദേഹത്തെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്നു നാലിന് വീട്ടുവളപ്പിൽ. ഭാര്യ: ലൈല. മക്കൾ: വൃന്ദ, വീണ. മരുമക്കൾ: അനീഷ്, ദീപക്.