കർഷകർ അടിമകളല്ല: മാർ ജോസഫ് പെരുന്തോട്ടം
1533314
Sunday, March 16, 2025 3:03 AM IST
മങ്കൊമ്പ്: കർഷകർ അടിമകളല്ല, മറിച്ച് ഈ നാടിന്റെ ഉടമകളാണെന്ന് ആർച്ച്ബിഷപ് എമിരറ്റസ് മാർ ജോസഫ് പെരുന്തോട്ടം. കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി, ക്രിസ് ഇൻഫാം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രാമങ്കരിയിൽ സംഘടിച്ച പ്രതിഷേധ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ സർക്കാർ തയാറാകണം. കോടിക്കണക്കിനാളുകൾ പട്ടിണി കിടക്കുന്ന നമ്മുടെ രാജ്യത്ത് കർഷകൻ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് യോഗ്യമായ വില നൽകാത്തത് അപമാനകരമാണ്. മണ്ണിനോട് ആത്മബന്ധമുള്ള ജീവിയായിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്.
കൃഷിയിലൂടെ ഭൂമിയെ മനോഹരമാക്കിയവരാണ് കൃഷിക്കാരൻ. കർഷകന്റെ പ്രയത്നം കൊണ്ടാണ് മനുഷ്യന്റെ വയറുനിറയുന്നത്. അതുകൊണ്ട് കർഷകനെ മാനിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കണമെന്നും മാർ പെരുന്തോട്ടം പറഞ്ഞു.
ഏതു പ്രതിസന്ധി സമയത്തും കർഷകന്റെ ഉത്പാദനത്തിന് മികച്ച പ്രതിഫലം നൽകേണ്ടതുണ്ട്. കാർഷിക മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെങ്കിൽ പുതിയ തലമുറ ഈ മേഖലയിലേക്ക് കടന്നു വരേണ്ടതുണ്ട്. അതിനു സാധിക്കണമെങ്കിൽ മികച്ച പ്രതിഫലം ഈ മേഖലയിൽനിന്ന് ലഭ്യമാകേണ്ടതുണ്ട്. സർക്കാരുകളുടെ സജീവമായ ഇടപെടലുകൾ ഈ രംഗത്ത് അനിവാര്യമാണ്.
ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കർഷകരിലേക്ക് പ്രതിഫലം എത്തിക്കുന്ന രീതിയിൽ കാര്യങ്ങൾ മാറ്റപ്പെടേണ്ടിയിരിക്കുന്നു. കൃഷി ഉപജീവനമാക്കി മാറ്റിയിരിക്കുന്ന പൊതുസമൂഹത്തിന് താങ്ങും തണലുമായി മാറേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വവും കടമയും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊയ്ത്ത് - മെതിയന്ത്രങ്ങൾ യഥാസമയം ലഭ്യമാക്കുക, കൊയ്തെടുത്ത നെല്ല് കൃത്യസമയത്ത് ശേഖരിക്കുക. ഏജന്റുമാരുടെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കുക, ശേഖരിച്ച നെല്ലിന്റെ പണം ഒരാഴ്ചക്കുള്ളിൽ കർഷകരുടെ അക്കൗണ്ടുകളിൽ എത്തിക്കുക, താങ്ങുവില 40 രൂപയായി വർധിപ്പിക്കുക, ചെലവുകൾക്ക് ആനുപാതികമായി ഹാൻഡലിംഗ് ചാർജ് ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികാരി ജനറാൾ മോൺ. ആന്റണി ഏത്തയ്ക്കാട്ട്, ക്രിസ്- ഇൻഫാം ഡയറക്ടർ ഫാ. തോമസ് താന്നിയത്ത്, ജോയിന്റ് ഡയറക്ടർ ഫാ. സോണി പള്ളിച്ചിറ, എടത്വ ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻവീട്ടിൽ, പുളിങ്കുന്ന് ഫൊറോന വികാരി ഫാ. റ്റോം പുത്തൻകളം, ഫാ. ജോസഫ് ചൂളപ്പറമ്പിൽ, ഫാ. ജോസഫ് കട്ടപ്പുറം, ഫാ.ജോസഫ് കുറിയന്നൂർപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.