കാവാലത്ത് അഞ്ചുവയസുകാരനെ തെരുവുനായ കടിച്ചുകീറി
1533630
Sunday, March 16, 2025 11:49 PM IST
ആലപ്പുഴ: കാവാലം കുന്നുമ്മയില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് സാരമായ പരിക്ക്. കാവാലം പഞ്ചായത്തിലെ കുന്നുമ്മ കിഴക്ക് ചേന്നാട്ടു വീട്ടില്‍ പ്രദീപ് കുമാറിന്റെ മകന് തേജസ് പ്രദീപിനാണ് പരി ക്കേറ്റത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ നായ അക്രമിക്കുകയായിരുന്നു. തലയിലും ഇടതുകണ്ണിലും മുറിവേറ്റു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി.
തേജസിനെ കടിക്കുന്നതിനു മുന്‍പ് മറ്റൊരു പെണ്‍കുട്ടിയെ നായ ആക്രമിച്ചിരുന്നു. എന്നാല്‍, നായ കുട്ടിയുടെ വസ്ത്രം കടിച്ചുകീറിയെങ്കിലും കടിയേറ്റില്ല. കുട്ടിയുടെ ദേഹത്ത് ചെറിയൊരു പോറല്‍ മാത്രമേ ഏറ്റുള്ളൂ. കാവാലം ഭാഗത്ത് തെരുവുനായയുടെ ശല്യം രൂക്ഷമാണ്. റോഡ് വശങ്ങളില് നായ്ക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയാണെന്ന് പരാതി ഉയരുന്നു.
തെരുവുനായ ശല്യം; വലഞ്ഞ്
കാവാലത്തുകാര്
കാവാലം പഞ്ചായത്തില്‍ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. തട്ടാശേരിക്കു സമീപം പലവട്ടം കുട്ടികളടക്കമുള്ളവര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായിട്ടുണ്ടെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം റോഡിലൂടെ നടന്നുപോയ കുട്ടി നായയുടെ ആക്രമണത്തെത്തുടര്‍ന്ന് സമീപത്തെ കിണറ്റില്‍ വീണിരുന്നു.
പുലര്‍ച്ചെയും രാത്രികാലങ്ങളിലും പ്രദേശത്തു നായ്ക്കളുടെ ശല്യം രൂക്ഷമാണ്. പാല്, പത്ര വിതരണക്കാര്‍, പുലര്‍ച്ചെ വിവിധ ജോലികള്‍ക്കായി പോകുന്ന കാല്‍നടയാത്രക്കാര്‍ തുടങ്ങിയവരാണ് ആക്രമണത്തിനു വിധേയരാകുന്നത്. ഇരുചക്രവാഹനയാത്രക്കാരുടെ നേരെയും നായ്ക്കളുടെ ആക്രമണം ഉണ്ടാകാറുണ്ട്. നിരവധി ഇരുചക്ര യാത്രി കര്‍ക്ക് ബൈക്ക് മറിഞ്ഞു പരിക്കേറ്റിട്ടുണ്ട്.
കാവാലം ബസ് സ്റ്റാന്‍ഡിനു സമീപപ്രദേശങ്ങളും നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. പ്രദേശത്തെ മാംസ വില്പനശാലകള് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രധാന താവളങ്ങള്‍.
തെരുവുനായ്ക്കളെ അമര്‍ച്ച ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ തികഞ്ഞ നിസംഗതയാണ് കാട്ടുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കു ന്നത്.