മില്ലുടമകള്ക്കെതിരേ കര്‍ഷകര്‍
1533622
Sunday, March 16, 2025 11:49 PM IST
എടത്വ: വിളവെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പാടശേഖരത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് സംഭരിക്കാത്ത മില്ലുടമകള്ക്കെതിരേ കര്‍ഷകര്‍. തലവടി കൃഷിഭവന് പരിധിയില്‍ വരുന്ന വട്ടടി കൊച്ചാലുംചുവട് പാടശേഖരത്തെ നെല്ലു സംഭരണമാണ് മുടങ്ങിക്കിടക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞ് ഒൻപതു ദിവസം പിന്നിട്ട നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം മില്ലുടമകള്‍ സ്ഥലത്തെത്തിയെങ്കിലും പതിരിന്റെ പേരു പറഞ്ഞ് സംഭരണം മുടക്കുകയായിരുന്നു. കിഴിവ് പോലും പറയാതെയാണ് മില്ലുടമകള്‍ പോയതെന്ന് കര്‍ഷകര്‍ പറയുന്നു.
കാലാവസ്ഥ പ്രതികൂലമായാല്‍ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം നേരിടേണ്ടിവരും. ഇന്നലെ മുതല്‍ പ്രദേശത്ത് ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. മഴ ശക്തി പ്രാപിച്ചാല്‍ പാടത്തു കിടക്കുന്ന നെല്ല് വെള്ളത്തില്‍ മുങ്ങും. പ്രതിസന്ധി രൂക്ഷമായതോടെ കര്‍ഷകര്‍ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസുമായി ബന്ധപ്പെട്ടു. എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് പാഡി ഉദ്യോഗസ്ഥരെ പ്രതിസന്ധി ധരിപ്പിച്ചു. ഉടന്‍ സംഭരണം നടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
എടത്വ കൃഷിഭവന് പരിധിയിലെ ചില പാടശേഖരങ്ങളിലും സമാന സംഭവം നടന്നിരുന്നു. പച്ച പന്നിക്കിടാരം പാടശേരത്ത് ഏഴു കിലോവരെ കിഴിവ് ഏജന്റുമാര്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ഷകര്‍ പ്രതിഷേധിച്ചതോടെ സംഭരണം നടത്താതെ മില്ലുടമ പിന്തിരിഞ്ഞു. മൂന്നു കിലോ കിഴിവ് നല്കി മറ്റൊരു ഏജന്റാണ് നെല്ല് സംഭരിച്ചത്.
നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കാതെ കൃഷിച്ചെലവ് കുത്തനെ ഉയരുമ്പോള്‍ പിടിച്ചുനില്ക്കാന് കഴിയാത്ത കര്‍ഷകരുടെ മേല്ക്കാണ് സംഭരണം മുടക്കി മില്ലുടമകള്‍ പ്രതികാരം കാട്ടുന്നത്. അപ്പര്‍ കുട്ടനാട് മേഖലയില്‍ നിരവധി പാടങ്ങള്‍ വിളവെടുക്കാനുണ്ട്. വേനല്‍ മഴ ചതിച്ചാല്‍ ഇരട്ടി പ്രഹരം ഏല്‍ക്കേണ്ടി വരും. കനത്ത ചൂടില്‍ കൊയ്തെടുത്ത നെല്ലിനെ ഏഴു കിലോവരെ കിഴിവ് ആവശ്യപ്പെടുന്ന മില്ലുടമകള്‍ മഴ ശക്തി പ്രാപിച്ചില് ചോദിക്കുന്ന കിഴിവ് നല്‍കേണ്ടി വരും. മില്ലുടമകളുടെ ചൂഷണം അവസാനിപ്പിക്കാന്‍ ജനപ്രതിനിധികളും പാഡി ഉദ്യോഗസ്ഥരും സംയുക്തമായി നെല്ല് സംഭരണം നടത്തിനുള്ള നടപടി സ്വീകരിക്കണമെന്ന് കര്‍ഷക സമതികള്‍ ആവശ്യപ്പെടുന്നു.