ബോട്ടിൽ ജനിച്ചവന് ബോട്ടുകളോട് പ്രിയം
1534245
Wednesday, March 19, 2025 12:05 AM IST
പ ൂച്ചാക്കൽ: ജലഗതാഗതവകുപ്പിന്റെ ബോട്ടിൽ ജനിച്ച കുട്ടിക്ക് ബോട്ടുകളോടാണ് ഏറെ പ്രിയം. പെരുമ്പളം ദ്വീപിൽ കിഴക്കിനേഴത്ത് വീട്ടിൽ ടി.വി. ബാബുവിന്റെയും ഷൈലയുടെയും മകൻ വെങ്കിടേഷ് ബാബുവാണ് താരം. 28 വർഷങ്ങൾക്കു മുൻപ് പ്രസവവേദനയെത്തുടർന്ന് ഷൈലയെ എറണാകുളം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി രാത്രി പെരുമ്പളം സൗത്ത് ജെട്ടിയിൽ സ്റ്റേ ചെയ്തിരുന്ന ബോട്ടിൽ പൂത്തോട്ടയിലേക്ക് പോകുന്നതിനിടയിലാണ് ആൺകുട്ടിയെ പ്രസവിച്ചത്.
ആ കുട്ടിക്ക് പിന്നീട് ബോട്ടുകൾ ഏറെ പ്രിയപ്പെട്ടതായി മാറി. സ്കൂളിൽ പോകുന്നതും വരുന്നതും ബോട്ടിലാണ്. ഒഴിവ് സമയങ്ങളിലും വീടിനു സമീപത്തെ ജെട്ടിയോട് ചേർന്നുകിടക്കുന്ന ബോട്ടിലാണ് ചെലവഴിച്ചിരുന്നത്.
മനസിൽ വിരിയുന്ന ബോട്ടുകൾ വരയ്ക്കുകയും അത് കടലാസിലും തെർമോക്കോളിലും നിർമിക്കാൻ ശ്രമിക്കുകയും ചെയ്യും. ഇത്തരത്തിൽ നിർമിച്ച ബോട്ടുകൾക്ക് കണക്കില്ല. എന്ത് കിട്ടിയാലും ബോട്ടാക്കുമായിരുന്നു. അലുമിനിയവും തടിയും ഉപയോഗിച്ച് മിനിയേച്ചറുകളും നിർമിച്ചിട്ടുണ്ട്. ഐടിഐ മെക്കാനിക്കൽ പഠനത്തിനുശേഷം ബോട്ട് സ്രാങ്കിന്റെയും ഡ്രൈവറുടെയും ലൈസൻസുകൾ സ്വന്തമാക്കി. തുടർന്ന് സ്വകാര്യ ബോട്ടിലും ജലഗതാഗതവകുപ്പിന്റെ ബോട്ടിൽ താത്കാലികമായും ജോലി ചെയ്തു.
സ്രാങ്കർ, ലാസ്കർ തസ്തികയിൽ പിഎസ്സി പട്ടികയിൽ വെങ്കിടേഷ് ഇടം പിടിച്ചിട്ടുണ്ട്.
നിലവിൽ കൊച്ചി ജലമെട്രോയിൽ ബോട്ട് ഓപ്പറേറ്ററായിട്ട് ജോലി ചെയ്യുന്നു. താൻ ജനിച്ചുവീണ ബോട്ട് ഇപ്പോഴും ആലപ്പുഴ യാർഡിലുണ്ടെന്ന് വെങ്കിടേഷ് പറഞ്ഞു. പെരുമ്പളം സാമൂഹികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയാണ് ഭാര്യ നിബിത.