സന്ദർശനവിവരം പറയാതെ അഞ്ചു പാലങ്ങൾ സന്ദർശിച്ച് ജി. സുധാകരൻ
1534246
Wednesday, March 19, 2025 12:05 AM IST
പൂച്ചാക്കൽ: നിർമാണം പൂർത്തീകരിച്ച് ഉടൻ ഗതാഗതത്തിനു തുറന്നുകൊടുക്കാൻ പോകുന്ന നെടുമ്പ്രക്കാട് പാലം, പെരുമ്പളം പാലം ഉൾപ്പെടെ നിർമാണം പൂർത്തീകരിക്കുന്ന അഞ്ചു പാലങ്ങൾ മുൻ മന്ത്രി ജി. സുധാകരൻ നന്ദർശിച്ചു. പാർട്ടി പ്രവർത്തകരോ നേതാക്കളോ ഇല്ലാതെയാണ് സുധാകരൻ എത്തിയത്.
പൊതുമരാമത്ത് മന്ത്രിയായിരുന്ന സമയത്ത് പണം അനുവദിച്ച് നിർമാണം തുടങ്ങിയ പാലങ്ങളുടെ ഉദ്ഘാടനത്തിനു മുമ്പ് കാണണം എന്ന് തോന്നിയതിനാലാണ് എത്തിയതെന്നാണ് സുധാകരൻ പറഞ്ഞത്.
പാലങ്ങളുടെ നിർമാണപ്രവർത്തനങ്ങളിൽ തൃപ്തനാണെന്നും സന്ദർശന വിവരം ആരോടും പറഞ്ഞിരുന്നില്ലെന്നും ജി. സുധാകരൻ. തിങ്കളാഴ്ചയാണ് സുധാകരൻ പാലം സന്ദർശിക്കാനെത്തിയത്. ആദ്യം സന്ദർശിച്ചത് പെരുമ്പളം പാലമാണ്. പിന്നീട് നെടുമ്പ്രക്കാട്-വിളക്കുമരം പാലം സന്ദർശിച്ചു.
ആലപ്പുഴ ബീച്ചിനു സമീപത്തെ മുപ്പാലം നവീകരിച്ച് നാൽപാലം ആക്കിയതും 60 കോടി ചെലവഴിച്ച് നിർമിച്ച നാലുചിറ പാലം, 70 കോടി മുടക്കി നിർമിച്ച പടഹാരം പാലും എന്നിവയും സുധാകരൻ സന്ദർശിച്ചു.
പെരുമ്പളം പാലം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ എൽഡിഎഫ് സർക്കാരിന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 100 കോടി രൂപ മുടക്കി പൊതുമരാമത്തുവകുപ്പ് നിർമിച്ചതാണ് പെരുമ്പളം പാലം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം കരാർ ചെയ്തിട്ടുള്ളത്. പെരുമ്പളം പാലത്തിന്റെ മണ്ണുപരിശോധനയുടെ ഉദ്ഘാടനം താനാണ് നിർവഹിച്ചിരുന്നതെന്ന് ജി. സുധാകരൻ പറഞ്ഞു.
ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചപ്പോൾ താൻ യോഗത്തിന്റെ അധ്യക്ഷനായിരുന്നു. പാലം നിർമാണത്തിനായി പ്രധാനമായി നിവേദനം നൽകിയിരുന്നത് അന്നത്തെ എംഎൽഎ ആയിരുന്ന എ.എം. ആരിഫ് ആയിരുന്നു. അദ്ദേഹമാണ് യോഗത്തിൽ സ്വാഗതം പറഞ്ഞത്. അതിനു മുൻപും ആരിഫുമായി പാലത്തിന്റെ കാര്യങ്ങൾക്കായി പെരുമ്പളത്ത് വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.