വേനലിന് ആശ്വാസം; ചുനക്കര-തെക്കേക്കര പ്രദേശങ്ങളിൽ കനാൽ ജലം എത്തി
1533625
Sunday, March 16, 2025 11:49 PM IST
ചാരുംമൂട്: കെഐപി കനാലിന്റെ ചുനക്കരയിലെ കുറത്തികാട് പോലീസ് സ്റ്റേഷനു സമീപത്തുകൂടി കടന്നുപോകുന്ന കനാലിന്റെ തകര്‍ന്നുകിടന്ന ഭാഗം പുനര്നിര്മിച്ചതിനെത്തുടര്ന്ന് ഇതുവഴിയുള്ള ജലവിതരണം ആരംഭിച്ചു. കനാല്‍ ജലമെത്തിയത് ചുനക്കര-തെക്കേക്കര പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിനും കര്‍ഷകര്‍ക്കും വലിയ ആശ്വാസമായി.
ഒരുവര്‍ഷം മുമ്പ് തകര്‍ന്നുകിടന്ന കനാല്‍ഭാഗം പുനര്‍നിര്‍മിക്കണമെന്നാവശ്യം ശക്തമായിരുന്നു. ചുരല്ലൂര്, കോട്ടപ്പാട്, കളിയ്ക്കല്‍ പാടശേഖരങ്ങളില്‍ വെള്ളമെത്തിയത് കര്‍ഷകര്‍ക്കും ആശ്വാസമായി. കെഐപി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എച്ച്. ജസീല അസിസ്റ്റന്റ് എന്‍ജിനിയര്‍ എം. റീന, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ എ.എസ്. അശോക് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കനാലിന്റെ തകര്‍ന്ന ഭാഗത്തെ നിര്‍മാണം നടത്തിയത്.