ചാരുംമൂട് മിനി സിവിൽ സ്റ്റേഷൻ നിർമാണം: കാത്തിരിപ്പ് നീളുന്നു
1533949
Tuesday, March 18, 2025 12:07 AM IST
ചാരുംമൂട്: മിനിസിവിൽ സ്റ്റേഷനു വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. കെപി റോഡിൽ ചാരുംമൂട് ജംഗ്ഷന് ഒരു കിലോമീറ്റർ പടിഞ്ഞാറ് കരിമുളയ്ക്കൽ കശുവണ്ടി ഫാക്ടറിക്കു സമീപത്തായാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിന് തറക്കല്ലിട്ടത്. ചുനക്കര പഞ്ചായത്തിന്റെ പരിധിയിലുള്ള പഴയ പബ്ലിക് മാർക്കറ്റാണ് മിനി സിവിൽ സ്റ്റേഷനായി കണ്ടെത്തിയത്. ഇപ്പോൾ ഇഴജന്തുക്കളുടെ താവളമായി ഇവിടെ കാടുകയറിയ നിലയിലാണ്.
മുൻമന്ത്രിയായിരുന്ന ജി. സുധാകരനാണ് നാലുവർഷം മുമ്പ് മിനി സിവിൽ സ്റ്റേഷനുവേണ്ടി ശിലാസ്ഥാപനം നിർവഹിച്ചത്. ഒരുവർഷം മുമ്പ് നിർമാണ അനുമതി ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. ഈ സ്ഥലത്ത് മാവേലിക്കര ആർടി ഓഫീസിന്റെ കീഴിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയായിരുന്നു.
മിനി സിവിൽ സ്റ്റേഷന്റെ നിർമാണവുമായി ബന്ധപ്പെട്ട് പിന്നീട് ഇവിടെനിന്ന് ഡ്രൈവിംഗ് ടെസ്റ്റ് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ, നിർമാണം ഇതുവരെയും ആരംഭിച്ചിട്ടില്ല. സർക്കാർ ഓഫീ സുകൾ എല്ലാം ഒരു കുടക്കീഴിൽ വരുന്നതിനു വേണ്ടിയുള്ള ജനങ്ങളുടെ കാത്തിരിപ്പ് വീണ്ടും നീളുകയാണ്. മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് 5.2 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചതെന്ന് എം.എസ്. അൺകുമാർ എംഎൽഎ അറിയിച്ചിരുന്നു. സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും പൂർത്തീകരിക്കുന്നതോടെ നിർമാണം ആരംഭിക്കുമെന്നും അറിയിച്ചിരുന്നുവെങ്കിലും ഇനിയും നടപടിയായിട്ടില്ല.
എന്നാൽ, പ്രദേശം ഇപ്പോൾ കാടുകയറിയ നിലയിലാണെന്നും ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്നും സമീപവാസികൾ പറയുന്നു. മിനി സിവിൽ സ്റ്റേഷൻ നിർമാണം സാക്ഷാത്കരിക്കാൻ കാലതാമസം വരുത്താതെ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.