താമരക്കുളത്ത് ശുദ്ധജലക്ഷാമം രൂക്ഷം; കിണറുകൾ വറ്റിത്തുടങ്ങി
1533303
Sunday, March 16, 2025 3:03 AM IST
ചാരുംമൂട്: താമരക്കുളം പഞ്ചായത്തിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. പ്രദേശത്തെ കിണറുകൾ കൊടും വേനലിൽ വറ്റിത്തുടങ്ങി. കടുത്തചൂട് കാർഷികമേഖലയിലും വൻനഷ്ടം വരുത്തുകയാണ്. ജലക്ഷാമം മൂലം വാഴയും പച്ചക്കറികളും അടക്കമുള്ള കാർഷിക വിളകൾ കരിഞ്ഞുണങ്ങി തുടങ്ങി. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ടാങ്കറുകളിൽ വിതരണം ചെയ്യുന്ന വെള്ളമാണ് ഇപ്പോൾ ഏക ആശ്വാസം.
ജൽജീവൻമിഷൻ പദ്ധതിയിൽ ആയിരക്കണക്കിനു കുടിവെള്ള കണക്ഷനുകൾ പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും നൽകിയിട്ടുണ്ടെങ്കിലും വെള്ളംകിട്ടാറില്ലെന്നാണ് പരാതി. നൂറനാട് പാറ്റൂർ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വെള്ളമാണ് പഞ്ചായത്തിൽ വിതരണം ചെയ്യുന്നത്.
വേനൽ കടുത്തതോടെ വെള്ളം പമ്പു ചെയ്യുന്ന അച്ചൻകോവിലാറ്റിൽ ജലനിരപ്പ് താഴ്ന്നു. ഇടതടവില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്ന പമ്പ് ഹൗസ് ഇപ്പോൾ ഏതാനും മണിക്കൂർ മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്.
പരിധിവരെ ആശ്വാസം
നൂറനാട്, താമരക്കുളം, ചുനക്കര, പാലമേൽ പഞ്ചായത്തുകളാണ് പാറ്റൂർ കുടിവെള്ള പദ്ധതിയിയുടെ പരിധിയിൽ വരുന്നത്. നിലവിൽ ഒരു പഞ്ചായത്തിനു പോലും ഇവിടെനിന്നു വെള്ളം എത്തിച്ചു കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കുടിവെള്ള ക്ഷാമത്തിന് ഒരുപരിധിവരെ ആശ്വാസം നൽകുന്ന കെഐപി കനാലിലെ വെള്ളം എല്ലായിടത്തും എത്തുന്നുമില്ല.
ചാരുംമൂട്ടിൽനിന്ന് പേരൂർക്കാരാണ്മ വഴി വേടരപ്ലാവിനുള്ള കനാൽ ഇന്നും പണിപൂർത്തിയാകാതെ കിടക്കുന്നു. പഞ്ചായത്തിലെ നാലുമുക്ക്, ചത്തിയറ, വേടരപ്ലാവ്, പേരൂർക്കാരാണ്മ, പച്ചക്കാട്, കണ്ണനാകുഴി പടിഞ്ഞാറ് ഭാഗങ്ങളിലാണ് ജലക്ഷാമം അതിരൂക്ഷമായി അനുഭവപ്പെടുന്നത്.
താമരക്കുളത്തെ ജൽജീവൻ പദ്ധതി പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലന്ന ആക്ഷേപം ശക്തമാണ്.
പഞ്ചായത്തിലെ ജലവിതരണ ശൃംഖലയിലെ അപാകതമൂലം കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നില്ല. ജലവിതരണ ശൃംഖല ശക്തിപ്പെടുത്തുതിനായി ഡക്റ്റയിൽ അയൺ (ഡിഐ) പൈപ്പുകൾ പച്ചക്കാട്ടെ ജലസംഭരണിയിൽ നിന്നു ചാവടി ജംഗ്ഷൻ വരെ ഇട്ടെങ്കിലും ഇതുകൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാണ്. പഞ്ചായത്തിലെ അഞ്ചു ചെറുകിട കുടിവെള്ള പദ്ധതികളാണ് ഇപ്പോഴുള്ള ആശ്വാസം.
മുടക്കമില്ലാതെ വെള്ളം
40 വർഷം പഴക്കമുള്ള ജലവിതരണ പൈപ്പുകളാണ് പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലത്തുമുള്ളത്. ആസ്ബസ്റ്റോസ് സിമന്റ് പൈപ്പുകൾ നിരന്തരം പൊട്ടി വെള്ളം പാഴാവുന്നതാണ് താമരക്കുളത്ത് നേരിടുന്ന പ്രധാന പ്രശ്നം. ജലവിതരണം കാര്യക്ഷമമാക്കാൻ വിതരണത്തിനായി പുതിയ പൈപ്പുകൾ സ്ഥാപിക്കണമെന്ന ആവശ്യവം ശക്തമാണ്. 1984ലാണ് താമരക്കുളം പച്ചക്കാട്ട് രണ്ടരലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി പണിതത്. ജലസംഭരണിക്ക് ചോർച്ചയുണ്ടായപ്പോൾ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
ജൽജീവൻമിഷൻ പദ്ധതി കാര്യക്ഷമമാക്കി പഞ്ചായത്തിലെ എല്ലായിടത്തും മുടക്കമില്ലാതെ വെള്ളം എത്തിക്കണമെന്നും ഗുണമേന്മയുള്ള പൈപ്പുകൾ സ്ഥാപിച്ച് അടിക്കടി ഉണ്ടാകുന്ന ചോർച്ച തടയണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഉയർന്ന സ്ഥലത്ത് പുതിയ ജലസംഭരണി സ്ഥാപിച്ച് വെള്ളം എത്തിക്കാനുള്ള നടപടി അടിയന്തരമായി ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കെഐപി കനാൽ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തി ജലത്തിന്റ് ചോർച്ച ഇല്ലാതാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.