രാകേഷിന്റെ തിരോധാനം: കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്
1534238
Wednesday, March 19, 2025 12:05 AM IST
ഹരിപ്പാട്: 2015 നവംബർ അഞ്ചു മുതൽ കാണാതായ ഹരിപ്പാട് കൂട്ടംകതൈ സ്വദേശിയായ രാകേഷിനെ കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിൽ പോലീസ്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം കായകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. കേസിന്റെ അന്വേഷണ ഭാഗമായി കഴിഞ്ഞദിവസങ്ങളിൽ പ്രതികളെന്നു സംശയിക്കുന്നവരെയും കേസിന്റെ ഭാഗമായി മറ്റുചിലരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ രാകേഷ് കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ് രാകേഷുമായി മുൻവൈരാഗ്യമുള്ളവരും ഇതിൽ പ്രതികളെന്നു സംശയിക്കുന്നവരുമായ അഞ്ചു പേരുടെ വീടുകളിൽ ഒരേസമയം പരിശോധന നടത്തി. കായകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ഐഎസ്എച്ച്ഒമാരായ മുഹമ്മദ് ഷാഫി, നിസാം, അമൽ, എസ്ഐ ഷൈജ എന്നിവരടങ്ങുന്ന പോലീസ് സംഘം ഒരേ സമയം അഞ്ചിടങ്ങളിൽ മണിക്കൂറുകളോളം പരിശോധന നടത്തി. ചില രേഖകളും മറ്റു തെളിവുകകളും പോലീസ് കണ്ടെടുത്തു.
കഴിഞ്ഞദിവസം രാകേഷിന്റെ അമ്മ രമ തന്റെ മകനെ ഹരിപ്പാട് സ്വദേശികളായ ഏഴു പേരും അവരുടെ കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്തതാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നു.
തോക്കും
53 വെടിയുണ്ടകളും
പിടിച്ചെടുത്തു
രാകേഷിന്റെ തിരോധനവുമായി ബന്ധപ്പെട്ട് പോലീസ് പരിശോധനയിൽ വിദേശനിർമിത തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പിടികൂടി. കുമാരപുരം പൊത്തപ്പള്ളി വടക്ക് കായൽ വാരത്തു വീട്ടിൽ കിഷോറി(39)ന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിദേശ നിർമിത തോക്കും 53 വെടിയുണ്ടകളും കണ്ടെടുത്തു. ഇത് ലോഡിംഗ് പൊസിഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കൂടാതെ രണ്ടു വാളും ഒരു മഴുവും സ്റ്റീൽ പൈപ്പും കണ്ടെത്തി. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പരിശോധനാസമയം ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. മാരകയുധവും ലൈസൻസ് ഇല്ലാതെ തോക്കും കൈവശം സൂക്ഷിച്ചതിനു പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.