പത്തനംതിട്ട കളക്ടറേറ്റിന് വ്യാജ ബോംബ് ഭീഷണി
1534243
Wednesday, March 19, 2025 12:05 AM IST
പത്തനംതിട്ട: വ്യാജ ബോംബ് ഭീഷണി പത്തനംതിട്ട കളക്ടറേറ്റിനെ മണിക്കൂറുകൾ മുൾമുനയിലാക്കി. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിൽ ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചതോടെയാണ് ആശ്വാസമായത്.
ഇന്നലെ രാവിലെ 6.48നാണ് ജില്ലാ കളക്ടർക്ക് ഇ മെയിലായാണ് ഭീഷണി സന്ദേശമെത്തിയത്. 9.45ന് കളക്ടറുടെ ഇ മെയിൽ പരിശോധിച്ച ഓഫീസ് സ്റ്റാഫ് കെ. വിനിൽ കുമാറാണ് ഭീഷണി സന്ദേശം ആദ്യം കണ്ടത്. ഉടൻ തന്നെ, കളക്ടറുടെ ഹുസൂർ ശിരസ്തദാർ വർഗീസ് മാത്യുവിനെ വിവരമറിയിച്ചു. കളക്ടറേറ്റിലെ മറ്റ് ഓഫീസുകളിലേക്കും മെയിൽ കൈമാറി. പോലീസിനെയും വിവരം അറിയിച്ചു.
കളക്ടറേറ്റിൽ ആർഡിഎക്സ് പൈപ്പ് ബോംബ് പൊട്ടിത്തെറിക്കുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമായിരുന്നു ദീർഘമായ സന്ദേശം. 2001ലെ പാർലമെന്റ് ആക്രമണ കേസിൽ മുഖ്യപ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ ഓർമയ്ക്കായാണ് സ്ഫോടനെമന്ന് ഒരു കത്തിൽ പറയുന്നു.
ആസിഫ് ഗഫൂർ എന്ന പേരിലാണ് സന്ദേശമെത്തിയത്. സന്ദേശത്തിന്റെ അവസാനത്തിൽ പേര് വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതേപേരിലുള്ള ഇ മെയിൽ ഐഡിയിൽ നിന്നാണ് കളക്ടറുടെ പേരിൽ സന്ദേശം അയച്ചിരിക്കുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം 10.30 ഓടെ പോലീസ് പരിശോധന ആരംഭിച്ചു. ഡോഗ് സ്ക്വാഡ് ആദ്യം എത്തി കളക്ടറുടെ ചേംബറിലും തൊട്ടുത്ത ഓഫീസുകളിലും പരിശോധന നടത്തി.
ബോംബ് സ്ക്വാഡും പിന്നാലെയെത്തി. എല്ലാ നിലകളിലും പോലീസിനെയും വിന്യസിപ്പിച്ചു. ഡോഗ് സ്ക്വാഡ് എല്ലായിടത്തുമെത്തി പ്രാഥമികമായ പരിശോധന നടത്തിയശേഷമാണ് ബോംബ് സ്ക്വാഡ് പരിശോധന തുടർന്നത്. മുൻകരുതലിന്റെ ഭാഗമായി കളക്ടറേറ്റിലെ അറുനൂറോളം ജീവനക്കാരെയും അമ്പതോളം പൊതുജനങ്ങളെയും പുറത്തിറക്കി.
നാലു നിലയിലും പരിശോധന തുടർന്നു. ഏതാനും ജീവനക്കാരുടെ ബാഗുകളും പരിശോധിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. 2.30 ഓടെ പരിശോധന പൂർത്തിയാക്കി. നാല് മണിക്കൂർ കളക്ടറേറ്റിലെ ജോലി തടസപ്പെട്ടു.
എഡിഎം ബി. ജ്യോതി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി എന്നിവർ കളക്ടറേറ്റിലുണ്ടായിരുന്നു. സിവിൽ സർവീസ് ടെയിനിംഗുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഗോവയിലാണ്. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പോലീസ് സംഘം കളക്ടറേറ്റിൽ പരിശോധന നടക്കുന്പോൾ പുറത്തു കാവലിലുണ്ടായിരുന്നു.