ലഹരിക്കെതിരേ ക്ലീൻ ഹരിപ്പാട്, സേഫ് ഹരിപ്പാട് ക്യാമ്പയിനു തുടക്കമിട്ട് രമേശ് ചെന്നിത്തല
1533623
Sunday, March 16, 2025 11:49 PM IST
ഹരിപ്പാട്: പ്രൗഡ് കേരള മൂവ്മെന്റിന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലത്തില്‍ ലഹരിക്കെതിരേ ക്ലീന്‍ ഹരിപ്പാട് സേഫ് ഹരിപ്പാട് പദ്ധതി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് പ്രദേശങ്ങളിലെ ലഹരി ഉപയോഗവും വിപണനവും അമര്‍ച്ച ചെയ്യാന്‍ പോലീസിന്റെയും ജനങ്ങളുടെയുംസഹായത്തോടെ ആരംഭിക്കുന്ന പദ്ധതിയാണിതെന്ന് എംഎല്‍എ പറഞ്ഞു.
ഹരിപ്പാട് മണ്ഡലത്തിലെ വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ ലഹരി ഉപയോഗമോ, വിപണനമോ, നിയമലംഘനമോ, ശ്രദ്ധയില്‍പ്പെട്ടാല്‍ അവ സംബന്ധിച്ച പരാതി കത്തായോ, ഫോട്ടോ ആയോ, വീഡിയോ ആയോ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പതിച്ചിട്ടുള്ള പോസ്റ്ററുകളിലെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് അയയ്ക്കാം.
ഇങ്ങനെ ലഭിക്കുന്ന പരാതി എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എംഎല്‍എ ഓഫീസിന്റെ അലര്‍ട്ടോടെ കായംകുളം ഡിവെഎസ്പി, എക്സൈസ് സിഐ ഹരിപ്പാട്, നിയമ ലംഘനം നടക്കുന്ന പോലീസ് സ്റ്റേഷന് പരിധിയിലെ സിഐ എന്നിവരുടെ വാട്സാപ് നമ്പറുകളിലേക്ക് ഓട്ടോമാറ്റിക്കായി ഷെയര്‍ ചെയ്യപ്പെടുന്ന സാങ്കേതിക വിദ്യയ്ക്കാണ് ക്ലീന്‍ ഹരിപ്പാട്, സേഫ് ഹരിപ്പാട് കാമ്പയിന്റെ ഭാഗമായി തുടക്കം കുറിച്ചത്.
ഇത്തരത്തില്‍ ലഭിക്കുന്ന പരാതികളുടെ ഉറവിടം രഹസ്യമായി പോലീസ് സൂക്ഷിക്കുമെന്നും ഓരോ പ്രദേശങ്ങളില്‍നിന്നു ലഭിക്കുന്ന പരാതികളിന്മേല് അടിയന്തിരനടപടി ഉണ്ടാകുമെന്നും കായംകുളം ഡിവെഎസ്പി ബാബുക്കുട്ടന് യോഗത്തില്‍ പറഞ്ഞു.
ഹരിപ്പാട് മുനിസിപ്പല്‍ ചെയര്മാന് കെ.കെ. രാമകൃഷ്ണന് അധ്യക്ഷനായ യോഗത്തില്‍ കായംകുളം ഡിവെഎസ്പി ബാബുക്കുട്ടന്, മുന്‍ എംഎല്‍എ ബി.ബാബുപ്രസാദ്, ജില്ലാ പഞ്ചായത്ത് മെംബര്‍ ജോണ്‍ തോമസ്, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാര്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെംബര്‍ എസ്. ദീപു, ഹരിപ്പാട് എക്സൈസ് സിഐ ഗിരീഷ് കുമാര്‍, ഹരിപ്പാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാഫി, കരുവാറ്റ പഞ്ചായത്ത് മെംബര്‍ വി.കെ. നാഥന് എന്നിവര്‍ പ്രസംഗിച്ചു.