സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തു
1533629
Sunday, March 16, 2025 11:49 PM IST
അമ്പലപ്പുഴ: സമൂഹത്തില്‍ ഒറ്റപ്പെട്ടവരും നിരാലംബരുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും സഹായവും താത്കാലിക അഭയവുമേകുന്ന കുടുംബശ്രീയുടെ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ഓഫീസുകളില്‍ പ്രവര്‍ത്തനമാരംഭിച്ച സ്നേഹിതയില്‍ സേവനത്തിനും പിന്തുണയ്ക്കുമായി എത്തുന്നവര്‍ക്ക് താത്കാലിക താമസ സൗകര്യവും കൗണ്സിലിഗും പുനരധിവാസ സഹായങ്ങളും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നിയമ-ആരോഗ്യ പരിരക്ഷയും ലഭ്യമാക്കും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലി കൗണ്‍സിലിംഗ് സേവനവും ആഴ്ചയില്‍ രണ്ടുദിവസം കൗണ്‍സിലറുടെ സേവനവും ലഭിക്കും. അമ്പലപ്പുഴ ഡിവൈഎസ്പി ഓഫീസ്, ആലപ്പുഴ വനിത പൊലീസ് സ്റ്റേഷന് (വനിത സെല്‍) എന്നിവിടങ്ങളിലാണ് സ്നേഹിത എക്സ്റ്റന്‍ഷണ്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുക. എച്ച്. സലാം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എസ്. രഞ്ജിത്ത്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലന്, അമ്പലപ്പുഴ-ആലപ്പുഴ ഡിവൈഎസ്പിമാരായ കെ.എന്‍. രാജേഷ്, മധു ബാബു, അമ്പലപ്പുഴ സിഐ എം. പ്രതീഷ് കുമാര്‍, എഡിഎംസി ടെസി ബേബി, ഡിപിഎം സുനിത മിഥുന് എന്നിവര്‍ പങ്കെടുത്തു.