യുവാവിനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തതായി കോടതിയിൽ ഹർജി
1533951
Tuesday, March 18, 2025 12:07 AM IST
ഹരിപ്പാട്: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തതായി കോടതിയിൽ ഹർജി. 2015 നവംബർ അഞ്ചുമുതൽ കാണാതായ ഹരിപ്പാട് താമല്ലാക്കൽ സ്വദേശിയായ രാകേഷിനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തതാണെന്ന് ആരോപിച്ച് രാകേഷിന്റെ അമ്മ രമ കോടതിയെ സമീപിച്ചു.
ഹരിപ്പാട് സ്വദേശികളായ ഏഴു പേരും അവരുടെ കൂട്ടാളികളും ചേർന്ന് 2015 നവമ്പർ ആറി നും ഏഴിനും ഇടയിലുള്ള രാത്രിയിൽ തന്റെ മകനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തിരിക്കുകയാണെന്നും സംഭവസ്ഥലത്തിന് സമീപത്തുനിന്നും ലഭിച്ച രക്തത്തുള്ളികളും മുടികളും രാകേഷിന്റെയാണെന്നും എന്നാൽ, കേസിന്റെ അന്വേഷണത്തിൽ പ്രതികളുടെ സമ്മർദത്തിന്റെ ഫലമായി കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് വിമുഖത പ്രകടിപ്പിക്കുകയാണെന്നും ആരോപിച്ചാണ് ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മനീഷ കെ. ഭദ്രൻ മുമ്പാകെ രമ ഹർജി ഫയൽ ചെയ്തത്.
കേസിന്റെ അന്വേഷണത്തിൽ കോടതിയുടെ മോണിറ്ററിംഗ് ഉണ്ടാകണമെന്നും നിലവിലെ കേസ് അന്വേഷണത്തിന്റെ സാഹചര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനിൽനിന്നും അടിയന്തരമായി വിളിച്ചുവരുത്തണമെന്നും കേസിൽ ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഡ്വ. പ്രതാപ് ജി. പടിക്കൽ കോടതിയിൽ ആവശ്യപ്പെട്ടു.
കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനിൽനിന്നു വിളിച്ചുവരുത്താൻ കോടതി ഉത്തരവിട്ടു. കേസിൽ രാകേഷിന്റെ മാതാവിന് വേണ്ടി അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.