മാര്‍ ജോസഫ് പവ്വത്തില്‍ വിടവാങ്ങിയിട്ട് നാളെ രണ്ടാണ്ട്
1533617
Sunday, March 16, 2025 11:49 PM IST
ചങ്ങനാശേരി: സീറോമലബാര്‍ സഭയുടെ കിരീടമെന്നു വിശേഷിപ്പിക്കപ്പെട്ട ചങ്ങനാശേരി മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ചരിത്രത്താളുകളിലേക്ക് വിടവാങ്ങിയിട്ട് നാളെ രണ്ടുവര്‍ഷം. 2023 മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 1.17നായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍ നിത്യതയിലേക്ക് യാത്രയായത്.
അദ്ദേഹത്തിന്റെ ഭൗതികശരീരം സംവഹിച്ചുകൊണ്ട് മെത്രാപ്പോലീത്തന്‍ പള്ളിയിലേക്കു നടന്ന വിലാപയാത്രയും പതിനായിരക്കണക്കിനു വരുന്ന ജനാവലിയുടെ സാന്നിധ്യം ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ മര്‍ത്ത്മറിയം കബറിടപള്ളിയില്‍ നടന്ന കബറടക്കശുശ്രൂഷകളും പുണ്യപിതാവിന്റെ ജനകീയ മുഖം വ്യക്തമാക്കുന്നതായിരുന്നു.
അതിരൂപതയെ നയിച്ച ധന്യരായ പുണ്യപിതാക്കന്മാരുടെ കബറിടങ്ങള്‍ക്കു സമീപമുള്ള അഭിവന്ദ്യനായ പവ്വത്തില്‍ പിതാവിന്റെ കബറിടത്തില്‍ അന്നുമുതല്‍ ഇന്നോളം നിരവധിപ്പേരാണ് കൂപ്പുകൈകളോടെ പ്രാര്ഥനയ്ക്കെത്തുന്നത്.
പവ്വത്തില്‍ പിതാവിന്റെ രണ്ടാം ചരമവാര്‍ഷികദിനമായ നാളെ രാവിലെ ഏഴിന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ കബറിടപള്ളിയില്‍ വിശുദ്ധകുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും. ബിഷപ് മാര്‍ തോമസ് പാടിയത്ത് കാര്‍മികത്വം വഹിക്കും. വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ സഹകാര്‍മികനായിരിക്കും.
1930 പരിശുദ്ധ കന്യകാമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്നാള്‍ ഓഗസ്റ്റ് 14ന് കുറുമ്പനാടം പവ്വത്തില്‍ ജോസഫ്-മറിയക്കുട്ടി ദമ്പതികളുടെ മകനായാണ് മാര്‍ പവ്വത്തിലിന്റെ ജനനം. 2023 വിശുദ്ധ ഔസേപ്പിതാവിന്റെ മരണത്തിരുനാളിനു തലേന്ന് മാര്‍ച്ച് 18നായിരുന്നു അദ്ദേഹം ദിവംഗതനായത്.