നെല്ലുസംഭരണത്തിലെ വീഴ്ചയ്ക്ക് ഉത്തരവാദി സർക്കാർ
1534240
Wednesday, March 19, 2025 12:05 AM IST
മങ്കൊമ്പ്: നെല്ലുസംഭരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നെടുമുടി നോർത്ത് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടനാട്ടിൽ നെല്ലുസംഭരണം അനിശ്ചിതത്വത്തിലാക്കിയതിന്റെ പ്രധാന ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു.
മില്ലുകാർക്കുവേണ്ടി സംസ്ഥാന സർക്കാർ കർഷകരെ ഒറ്റിക്കൊടുക്കുകയാണ്. മില്ലുടമകൾക്കുവേണ്ടി സംസാരിക്കുന്ന ഉപകരണമായി സംസ്ഥാന സർക്കാർ മാറി. മില്ലുകാർ ഉന്നയിക്കുന്ന കിഴിവ് എന്ന പ്രശ്നം പരിഹരിക്കാതെ, വേനൽ മഴയുടെ ഭീഷണിക്കു മുന്നിൽ കർഷകരെ സംസ്ഥാന സർക്കാർ തഴഞ്ഞു.
ഇനി മുൻകാല പ്രാബല്യത്തോടെ മില്ലുടമകളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു കഴിയുമ്പോൾ കിഴിവ് കൊടുത്ത കർഷകരെ കമ്പിളിപ്പിക്കാൻ സർക്കാരിന് വീണ്ടും കഴിയും എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് എൻ.വി. ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലാലിച്ചൻ പള്ളിവാതുക്കൽ, പി.എസ്. തോമസ്, പഞ്ചായത്തംഗം സ്മിതാ രാജേഷ്, സിറിൾ ജെ. നിരയത്ത്, സിമ്പിച്ചൻ പൊതുവാച്ചിറ, ജേക്കബ് പഴയാറ്റിൻതറ, സി.വി. ജോസഫ്, ജോച്ചൻ ചേന്നാട്, ജോസഫ് ദേവസ്വാ, മാത്തുക്കുട്ടി ചേനാട് എന്നിവർ പ്രസംഗിച്ചു.