കുടിവെള്ളമില്ല, 30 കുടുംബങ്ങൾ ദുരിതത്തിൽ
1534241
Wednesday, March 19, 2025 12:05 AM IST
മാന്നാർ: വേനൽ വറുതിയേറിയതോടെ മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. ജൽജീവൻ പദ്ധതിയിലെ പൈപ്പുകളിൽ കുടിവെള്ളം എത്താതായതോടെയാണ് ഒരു പ്രദേശത്ത് ഒന്നാകെ കുടിവെള്ളം ഇല്ലാത്ത അവസ്ഥയായത്. മാന്നാർ പഞ്ചായത്ത് രണ്ടാം വാർഡ് പാവുക്കര വൈദ്യൻ നഗറിലെ മുപ്പതോളം കുടുംബങ്ങൾക്ക് ജൽജീവൻ വെള്ളം ലഭിക്കാത്തതിനാലും കിണറുകളിൽ വെള്ളം വറ്റിയതുമാണ് ഈ കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
കേടായ പഴയ മീറ്റർ മാറ്റാത്തതിനെത്തുടർന്ന് ഗാർഹിക കണക്ഷനുകൾ വിഛേദിച്ചതോടെയാണ് പ്രദേശത്തെ വീടുകളിൽ വെള്ളം കിട്ടാതായത്. ദൈനംദിന ഉപയോഗത്തിനു പോലും വെളളം ഇല്ലാതായതോടെ അര കി. മീറ്ററോളം ദൂരെയുള്ള പഞ്ചായത്ത് കിണറ്റിൽനിന്നാണ് വെള്ളം കോരി എത്തിക്കുന്നത്.
പ്രദേശത്തെ എല്ലാ വീടുകളിലും ജൽജീവൻ പദ്ധതിയിൽ ഗാർഹിക കണക്ഷനിൽ വെള്ളം ലഭിച്ചിരുന്നു.
വെള്ളപ്പൊക്ക ബാധിത പ്രദേശമായ ഇവിടെ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മീറ്ററുകൾക്കു കേടുപാടുകൾ സംഭവിച്ചതാണ് വെള്ളംകുടി മുട്ടാൻ കാരണമായത്. ചില മീറ്ററുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും റീഡിംഗ് എടുക്കാൻ കഴിയാത്ത അവസ്ഥയാണ്. പുതിയ മീറ്റർ വാങ്ങി സ്ഥാപിക്കുന്നതിന് മൂവായിരത്തോളം രൂപ വേണ്ടിവരുമെന്നാണ് വീട്ടുകാർ പറയുന്നത്. കൂലിവേലയും കൃഷിയും ഉപജീവനമാർഗമായിട്ടുള്ള നിർധന കുടുംബത്തിലെ അംഗങ്ങളായിട്ടുള്ള ഇവർക്ക് മീറ്റർ മാറ്റി സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സ്ഥിതിയിലുള്ളവരല്ല. രണ്ടോ മൂന്നോ വീട്ടുകാർ വെള്ളത്തിന്റെ ബുദ്ധിമുട്ട് സഹിക്കാൻ കഴിയാതെ പുതിയ മീറ്റർ വാങ്ങി കണക്ഷൻ പുനഃസ്ഥാപിക്കുകയുണ്ടായി. മീറ്ററുകൾ പുതിയത് സ്ഥാപിച്ചാലും വീണ്ടും വെള്ളപ്പൊക്കമെത്തുമ്പോൾ ഇത് തന്നെയാകും അവസ്ഥയെന്നാണ് ഓരോ വീട്ടുകാരും പറയുന്നത്.
ജൽജീവൻ പദ്ധതിയിൽ പ്രദേശത്തെ വീടുകൾ മുഴുവൻ ഉപഭോക്താക്കളായതോടെ ഉണ്ടായിരുന്ന നാല് പൊതുടാപ്പുകളും അധികൃതർ മുറിച്ചുമാറ്റി. പൊതുടാപ്പില്ലാതായതോടെയാണ് പ്രദേശവാസികൾ കൂടുതൽ ദുരിതത്തിലായത്.
പൊതുടാപ്പുകൾ പുനസ്ഥാപിച്ച് വെളളമെത്തിക്കുന്നതിനുള്ള നടപടികളെങ്കിലും സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.