മിനിറ്റ്സ് തിരുത്തി വ്യാജ ഒപ്പിട്ടതായി ആരോപണം
1533309
Sunday, March 16, 2025 3:03 AM IST
ചെങ്ങന്നൂർ: ചെങ്ങന്നൂർ 429-ാം നമ്പർ സ്റ്റോൺ മെറ്റൽ ഇൻഡസ്ടിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഭരണസമിതി, പൊതുയോഗത്തിന്റെ മിനിറ്റ്സ് തിരുത്തി വ്യാജ ഒപ്പിട്ടതായി മുൻ പ്രസിഡന്റ് മോഹൻ കൊട്ടാരത്തുപറമ്പിൽ, സുജിത്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. 84 അംഗങ്ങൾ മിനിറ്റ്സിൽ ഒപ്പുവച്ചിട്ടുള്ളതായി കാണുന്നു. എന്നാൽ, റിക്കാർഡ് പരിശോധിച്ചതിൽ ക്രമനമ്പർ 45 മുതൽ 84 വരെയുള്ള 40 പേർ യോഗത്തിൽ പങ്കെടുത്തിട്ടില്ല. ഒപ്പ് വ്യാജമായി എഴുതിച്ചേർത്തിരിക്കുകയാണ്.
നിലവിലെ ഭരണസമിതി നിക്ഷിപ്ത താത്പര്യങ്ങൾക്കായി കമ്മിറ്റിയെയും പൊതുയോഗത്തെയും ദുരുപയോഗം ചെയ്യുകയാണ്. പൊതുയോഗത്തിൽ എടുത്തിട്ടില്ലാത്ത തീരുമാനം പ്രസിഡന്റും സെക്രട്ടറിയും മിനിറ്റ്സിൽ എഴുതിച്ചേർത്തു ബൈലോയ്ക്ക് വിരുദ്ധമായി പെരുമാറുകയുമാണെന്ന് ആരോപിച്ചു.
പ്രസിഡന്റിന്റെ താത്പര്യങ്ങൾക്ക് അനുസരിച്ച് സൊസൈറ്റിയുടെ പണം അപഹരിക്കുകയും വക മാറ്റുകയും ചെയ്തതായി മോഹൻ പറഞ്ഞു. നിലവിലെ ഭരണസമിതിക്കെതിരേ വകുപ്പ് മന്ത്രിക്കും വിജിലൻസിനും വ്യവസായ ഡയറക്ടർക്കും പരാതി നൽകിയതായും പറഞ്ഞു.