വെയിലേറ്റ് പുകഞ്ഞ് ജില്ല
1533313
Sunday, March 16, 2025 3:03 AM IST
ആലപ്പുഴ: അന്തരീക്ഷത്തില്‍ ചൂട് ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലാകെ ജനജീവിതം വെന്തുരുകുന്നു. സൂര്യാഘാതം, സൂര്യതാപം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ട സാഹചര്യം.
അന്തരീക്ഷതാപം ഉയരുമ്പോള്‍ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ചൂട് പുറന്തള്ളപ്പെടുന്നതിന് വിഘാതം നേരിടുകയും ചെയ്യുന്നതിലൂടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. കനത്ത ചൂടില്‍ ശരീരത്തില്‍നിന്നു ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ അമിത അളവില്‍ നഷ്ടമാകുന്നതിനെത്തുടര്ന്നുണ്ടാകുന്ന അവസ്ഥയാണ് സൂര്യാതപം.
ക്ഷീണം, തലകറക്കം, ഛര്‍ദ്ദി, ബോധക്ഷയം ശരീരം ചുവന്ന് ചൂടാകുക, ശക്തമായ തലവേദന, പേശീവലിവ്, തലകറക്കം, ഉയര്‍ന്ന ശരീര താപനില തുടങ്ങിയവ താപസംബന്ധമായ രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ നടത്തണം. ഉയര്‍ന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയവ നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും മരണത്തിനും കാരണമായേക്കാമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിക്കുന്നു.
ആശങ്കയുണ്ട്, കർഷകർക്ക്
ജില്ലയാകെ മൊത്തം ചൂടിൽ പുകഞ്ഞു നീറുമ്പോൾ താപനില ഉയർന്നുതന്നെ. മഴ കുറയുകയും ചൂട് ക്രമാതീതമായി കൂടുകയും ചെയ്യുന്നത് കർഷകരെയും ആശങ്കയിലാക്കുന്നു. കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും നെൽച്ചെടികൾ നേരത്തേ കതിരിടാൻ തുടങ്ങിയതോടെ വിളവിൽ കുറവുണ്ടാകുമോയെന്ന ആശങ്കയുമുണ്ട് കർഷകർക്ക്.
ജലാശയങ്ങളിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ചൂടിന്റെ പ്രതിസന്ധിയും കർഷകർക്ക് ഇരുട്ടടിയാകുന്നത്. 32 മുതൽ 35 ഡിഗ്രി ചൂടുവരെ നെൽച്ചെടി താങ്ങും. എന്നാൽ, പതിവായി 36 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് രേഖപ്പെടുത്തുന്നത് വിളനഷ്ടത്തിന് ഇടയാക്കും. ചൂട് വർധിച്ചതുമൂലം പതിവിലും മുമ്പ് നെല്ല് വിളവെടുപ്പിന് പാകമാകുന്ന സ്ഥിതിയാണുള്ളത്.
ഏക്കറിൽ അഞ്ച് ക്വിന്റലെങ്കിലും വിളവ് കുറയുമെന്നാണ് കണക്ക്. കാഴ്ചയിൽ നെൽച്ചെടികളിൽ മാറ്റം കാണുകയില്ലെങ്കിലും പതിരിന്റെ അളവുകൂടും. ചൂടുകാറ്റ് ശക്തമാകുന്നതാണ് കാരണം. പതിരിന്റെ അളവു കൂടിയാൽ സംഭരണവേളയിൽ കരാറുകർ കിഴിവ് ആവശ്യപ്പെടും. 1987 ഏപ്രിൽ ഒന്നിനാണ് ആലപ്പുഴയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. അന്ന് 38.2 ഡിഗ്രി സെൽഷ്യസായിരുന്നു. അന്തരീക്ഷ ഈർപ്പം (ആർദ്രത) കാരണം പൊതുവേ ചൂട് കൂടുതലാണെങ്കിലും ആലപ്പുഴയിൽ താപനില അങ്ങനെ ഉയരാറില്ലെന്നാണ് കണക്ക്.
ചൂടിൽ ശ്രദ്ധിക്കാൻ
ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. യാത്രയിലും ജോലിസ്ഥലത്തും തിളപ്പിച്ചാറിയ ശുദ്ധജലം കരുതുകയും ദാഹമില്ലെങ്കിലും ഇടയ്ക്കിടെ കുടിക്കുകയും ചെയ്യുക. കടുത്ത വെയിലുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടാതിരിക്കുക.
നിര്ത്തിയിട്ടരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകാതിരിക്കുക. പുറത്തിറങ്ങുമ്പോള്‍ പരമാവധി തണലത്ത് നടക്കുക. തുറസായ സ്ഥലങ്ങളില്‍ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ ജോലിസമയം ക്രമീകരിക്കുക. മതിയായ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. ചായ, കാപ്പി, മദ്യം, കൃതൃമ പാനീയങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക. സൂര്യാഘാത ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.