ലഹരിക്കെതിരേ സർക്കാർ മുഖം നോക്കാതെ നടപടിയെടുക്കണം: ജേക്കബ് ഏബ്രഹാം
1533302
Sunday, March 16, 2025 3:02 AM IST
ഹരിപ്പാട്: വിദ്യാർഥികളിലും യുവാക്കളിലും വളർന്നുവരുന്ന ലഹരിയുടെ ഉപയോഗം തടയുന്നതിന് സർക്കാർ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും സർക്കാർ അവസാന കണ്ണികളെ കേന്ദ്രീകരിച്ചാണ് നടപടിയെടുക്കുന്നതെന്നും നിരോധിത ലഹരിമരുന്നുകളുടെ വിതരണക്കാർ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേരളത്തിൽ തഴച്ചു വളരുകയാണെന്നും കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം പറഞ്ഞു.
ഇതിനെതിരേ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് വമ്പിച്ച പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്നും കേരള കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ പടിക്കൽ നടന്ന ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് ബേബി ജോൺ അധ്യക്ഷത വഹിച്ചു. ആലപ്പുഴ യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. ബി. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
വർഗീസ് ഏബ്രഹാം, ബിജു ആന്റണി, അനിൽ തോമസ്, അഡ്വ. ജിഷ, പാപ്പച്ചൻ, ബാബു പറപ്പള്ളി, സതീഷ് മുട്ടം, ബിജു തങ്കച്ചൻ, പി.ജെ. ജോസഫ്, പീറ്റർ തെക്കുടവൻ, റെജി ഏബ്രഹാം, കുര്യൻ കുര്യൻ, ടി.സി. ജോസഫ്, ജീവൻ കരുവാറ്റ, ടി.വി. തോമസ് സോമൻ തൃക്കുന്നപ്പുഴ എന്നിവർ പ്രസംഗിച്ചു.