കുട്ടികളുമായി ആശയവിനിമയം നടത്തുന്നവരാകണം മാതാപിതാക്കള്‍: മന്ത്രി സജി ചെറിയാന്
1532961
Saturday, March 15, 2025 12:01 AM IST
എടത്വ: മാതാപിതാക്കള്‍ കുട്ടികളുമായി ആശയവിനിമയം നടത്തുന്നവരാകണമെന്ന് ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്. എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി പ്രത്യാശാഭവനം ജൂബിലി വര്‍ഷം ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എടത്വ പള്ളിയില്‍ ലഭിക്കുന്ന 40-50 ശതമാനത്തിലധികം തുക പാവപ്പെട്ടവര്‍ക്ക് നല്കുന്നു. 3.5 കോടിയിലധികം രൂപ മുടക്കി പാവപ്പെട്ടവര്‍ക്ക് വീട് വച്ച് നല്കുന്ന ഈ പദ്ധതിക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നതായും മന്ത്രി പറഞ്ഞു. എടത്വാപള്ളി പാലം പുതുക്കി പണിയുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ചങ്ങനാശേരി അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അടിസ്ഥാന ശിലാ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു. മുഖ്യ വികാരി ജനറാള്‍ ഫാ. ആന്റണി എത്തക്കാട്ട് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ പദ്ധതി വിശദീകരിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, എടത്വ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ്, കൈക്കാരന്മാരായ ജെയ്സപ്പന്‍ മത്തായി കണ്ടത്തില്‍, പി.കെ. ഫ്രാന്‍സീസ് കണ്ടത്തില്‍പറമ്പില്‍ പത്തില്‍, ജയിംസുകുട്ടി കുന്നേല്‍ തോട്ടുകടവില്‍, കണ്‍വീനര്‍ ജോസിമോന് അഗസ്റ്റിന്, സെക്രട്ടറി ആൻസി ജോസഫ് മുണ്ടകത്തിൽ റോസ്ഭവൻ, നിര്‍മ്മാണ കമ്മിറ്റി അംഗങ്ങളായ ടോമിച്ചന് പറപ്പള്ളി, സാം സഖറിയ വാതല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയുടെ നേതൃത്വത്തില്‍ വാസയോഗ്യമായ സ്വന്തം ഭവനമില്ലാത്ത വേദനിക്കുന്ന കുടുംബങ്ങള്‍ക്കാണ് പ്രത്യാശ ഭവനങ്ങള്‍ ഒരുക്കുന്നത്. ഒന്‍പത് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയും വീടും ഉള്‍പ്പടെ 29 പുതിയ വീടുകളും 40 വീടുകള്‍ പുതുക്കി പണിതും, സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍പ്പെട്ട 40 വീടുകള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായമേകിയും നടപ്പാക്കുന്ന 5 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത. കൂടാതെ ചികിത്സ, വിദ്യാഭ്യാസം, പെന്ഷന് സഹായങ്ങള്‍ക്കും ഇടവക സമൂഹമൊന്നാകെ കൈകോര്‍ക്കുന്നുണ്ട്.