സിപിഎമ്മിന്റെ പണക്കൊതി സഹകരണ മേഖലയെ തകർത്തു: അഡ്വ.കെ.പി.ശ്രീകുമാർ
1532965
Saturday, March 15, 2025 12:01 AM IST
ആലപ്പുഴ: സിപിഎമ്മിന്റെ പണക്കൊതിയും അതിനുവേണ്ടിയുള്ള അധികാര ദുർവിനിയോഗവും കേരളത്തിലെ സഹകരണ മേഖലയെ തകർത്തെറിഞ്ഞെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.കെ.പി. ശ്രീകുമാർ. സഹകരണ മേഖലയോടും ജീവനക്കാരോടുമുള്ള സർക്കാർ അവഗണനയ്ക്കെതിരേ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (ഐഎൻടിയുസി )സംസ്ഥാന വ്യാപകമായി ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസുകൾക്ക് മുമ്പിൽ നടത്തുന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം കരുവന്നൂർ,കണ്ടല ബാങ്ക് അഴിമതി അന്വേഷണങ്ങൾ നിശ്ചലമായതിനു പിന്നിൽ ബിജെപിയുടെ അധികാര താത്പര്യങ്ങളും അതിനുവേണ്ടിയുള്ള സന്ധി ചെയ്യലുമാണെന്നും സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന സഹകരണ നിയമ ഭേദഗതി സഹകരണ മേഖലയിലെ ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കുമെന്നും ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് റോയ് ഐസക് ഡാനിയേൽ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജി. ബൈജു മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ. എം.പി പ്രവീൺ, അമ്പക്കാട്ട് സുരേഷ്, എ. റാഫി, എം. ആർ. രാജേഷ്, എ. സനുരാജ്, എൽ. മഹാലക്ഷ്മി, ബിന്ദു മംഗലശേരി, പി. എസ്. ഷീജാദേവി തുടങ്ങിയവർ പ്രസംഗിച്ചു.