കലാപാഹ്വാനം: ഉത്സവാഘോഷക്കമ്മിറ്റി ചെയർമാനെതിരേ പോലീസ് കേസ്
1533301
Sunday, March 16, 2025 3:02 AM IST
അമ്പലപ്പുഴ: കലാപാഹ്വാനം ചെയ്ത ഉത്സവാഘോഷക്കമ്മിറ്റി ചെയർമാനെതിരേ പോലീസ് കേസ്. പായൽകുളങ്ങര ശ്രീദേവി ക്ഷേത്രത്തിലെ പൂരമഹോത്സവത്തോടനുബന്ധിച്ച് കലാപാഹ്വാനം ചെയ്ത ഉത്സവ ആഘോഷ കമ്മിറ്റി ചെയർമാൻ എം.ടി. മധുവിനെതിരെയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്.
കഴിഞ്ഞ 12ന് ക്ഷേത്രത്തിലേക്ക് നടന്ന കെട്ടുകാഴ്ചയിൽ ജാസ് ആൻഡ് ഡോൾ എന്ന പരിപാടി നടത്തുന്നതിന് പോലീസ് അനുമതി കൊടുത്തിരുന്നില്ല. എന്നാൽ, സംഘാടകർ ഈ പരിപാടി ഉൾപ്പെടുത്തിയാണ് കെട്ടുകാഴ്ച നടത്തിയത്. രാത്രി 10 ഓടെ ക്ഷേത്രത്തിനു മുൻവശം ഇതിന്റെ താളത്തിനൊപ്പം നൃത്തം വച്ച യുവാക്കൾ തമ്മിൽ സംഘർഷവും നടന്നു. തുടർന്ന് അനുവാദമില്ലാതെ മൈക്ക് പ്രവർത്തിപ്പിച്ച വാഹനത്തിലെ മൈക്ക് ഓഫ് ചെയ്യാൻ പോലീസ് നിർദേശിച്ചു. എന്നാൽ, കമ്മിറ്റി അംഗങ്ങൾ ഇടപെട്ട് വീണ്ടും മൈക്ക് ഓണാക്കുകയായിരുന്നു.
തുടർന്ന് അമ്പലപ്പുഴ പോലീസ് ക്ഷേത്രത്തിലെ പൂരം കലക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് ഇതിനെതിരേ പ്രതികരിക്കണമെന്നും ഞായറാഴ്ച വൈകിട്ട് നാലിന് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തണമെന്നും എം.ടി. മധു ആഹ്വാനം ചെയ്തിരുന്നു. ഇത്തരത്തിൽ കലാപാഹ്വാനം ചെയ്തതിനാണ് എം.ടി.മധുവിനെതിരേ കേസെടുത്തത്.