നാടക രചയിതാവ് കെ.കെ.എസ്. തൈക്കാട്ടുശേരി അന്തരിച്ചു
1533297
Sunday, March 16, 2025 3:02 AM IST
പൂച്ചാക്കൽ: മലയാള നാടക ലോകത്ത് ശ്രദ്ധേയമായ നിരവധി നാടകങ്ങൾ രചിച്ച കെ.കെ.എസ്.തൈക്കാട്ടുശേരി എന്ന് അറിയപ്പെട്ടിരുന്ന കെ.കെ. സുകുമാരൻ (65) അന്തരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്തിൽ കുട്ടുംപുറം വീട്ടിലായിരുന്നു താമസം. ഒരു കാലത്ത് ഉത്സവപ്പറമ്പുകളിലും മറ്റും നാടകം ആരംഭിക്കുന്നതിന് മുമ്പ് സ്ഥിരമായി കേട്ടിരുന്ന ഒന്നാണ് നാടകരചന കെ.കെ.എസ്. തൈക്കാട്ടുശേരി എന്നത്.
ഒരു സാധാരണ കുടുംബത്തിൽ ജനിച്ചിട്ടും തന്റെ അതിപ്രതിഭാശാലിയായ സൃഷ്ടികളിലൂടെ മലയാള നാടകവേദിയിൽ അംഗീകരിക്കപ്പെട്ട മഹാനായ നാടകകൃത്താകുകയിരുന്നു അദ്ദേഹം.
ചേർത്തല ഷൈലജ, ചേർത്തല യവനിക, ചേർത്തല തപസ്യ, തിരുവനന്തപുരം ടാഗോർ, കൊല്ലം കൽപ്പന തുടങ്ങിയ പ്രശസ്ത നാടകസംഘങ്ങൾക്ക് മികച്ച നാടകങ്ങൾ രചിച്ചു. രാജൻ പി. ദേവ്, ചേർത്തല രാജൻ മുതലായ പ്രമുഖ സംവിധായകർ അദ്ദേഹത്തിന്റെ നാടകങ്ങൾ സംവിധാനം ചെയ്തു.
കലാഭവൻ മണിയുടെ അഭ്യർഥനപ്രകാരം ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. വാഹനാപകടത്തെതുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ലൈല. സുനീഷ്, സുജിത മക്കളും ജിത്തുമോൾ, ജിജി എന്നിവർ മരുമക്കളുമാണ്. സംഗീത നാടക അക്കാദമി ഭരണസമതി അംഗം ചേർത്തല രാജൻ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ, ചാക്കപ്പൻ മടവന, എം.എസ്. മണി, ദ്രോണ ബാബു, വാരനാട് ബാബു, അയൂബ്ഖാന്, പ്രസാദ് പാണാവള്ളി, സന്തോഷ് ഓടമ്പള്ളി എന്നിവർ അനുശോചനം അർപ്പിച്ചു.