കല്ലുമലയിൽ സ്റ്റീൽ ആർച്ച് 22ന് സ്ഥാപിക്കും
1532962
Saturday, March 15, 2025 12:01 AM IST
മാവേലിക്കര: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി പ്രകാരം കല്ലുമലയിൽ സ്ഥാപിക്കുന്ന സ്റ്റീൽ ആർച്ചിന്റെ നിർമാണം 22ന് നടക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
നേരത്തേ 15ന് സ്റ്റീൽ ആർച്ച് സ്ഥാപിക്കുന്നതിനായി ലക്ഷ്യമിട്ടിരുന്നെങ്കിലും തൃശ്ശൂർ, സേലം എന്നിവിടങ്ങളിൽ ഫിക്സഡ് ടൈം കോറിഡോർ ബ്ലോക്ക് ഉള്ളതിനാൽ ആണ് നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞയാഴ്ച ഡിവിഷൻ ആസ്ഥാനത്ത് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചത് പ്രകാരമുള്ള രണ്ടാമത്തെ തീയതിയിലേക്ക് മാറ്റി നിശ്ചയിച്ചത്.
വെള്ളിയാഴ്ച രാത്രി 11.30ന് ആരംഭിക്കുന്ന ഫിക്സഡ് ടൈം കോർഡോർ ബ്ലോക്ക് 22ന് പുലർച്ചെ മൂന്നുവരെ നീളും. മൂന്നര മണിക്കൂർ ഗതാഗതം നിർത്തിവയ്ക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള 16333 വെരാവൽ തിരുവനന്തപുരം എക്സ്പ്രസ് കോട്ടയം വഴിയുള്ള യാത്ര ഒഴിവാക്കി ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. ആലപ്പുഴയിലും കായംകുളത്തും സ്റ്റോപ്പ് ഉണ്ടായിരിക്കും. അതോടൊപ്പം 16348 മംഗ്ലൂർ തിരുവനന്തപുരം എക്സ്പ്രസും ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. അധികമായി ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും. 16344 മധുരൈ തിരുവനന്തപുരം അമൃത എക്സ്പ്രസ് 30 മിനിറ്റും വൈകിയോടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.