നിരവധി കേസിലെ പ്രതികളായ കൂട്ടാളികൾ പോലീസ് പിടിയിൽ
1532964
Saturday, March 15, 2025 12:01 AM IST
അന്പലപ്പുഴ: മോഷണം, അടിപിടി തുടങ്ങി നിരവധി കേസിലെ പ്രതിയും കൊടും കുറ്റാവാളിയുമായ വടിവാൾ വിനീത് എന്നറിയപ്പെടുന്ന വിനീതും കൂട്ടാളിയും പിടിയിൽ. കേരളത്തിലെ തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ നിരവധി കവർച്ച, മോഷണം, അടിപിടി, പോലീസിനെ ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി 60 ലേറെ ക്രിമിനൽ കേസിലെ പ്രതിയായ ആലപ്പുഴ എടത്വ ചങ്ങങ്കരി വൈപ്പിനിശേരി ലക്ഷംവീട്ടിൽ വേണുവിന്റെ മകൻ വടിവാൾ വിനീത് എന്ന് വിളിക്കുന്ന വിനീത് (25 ), കൂട്ടാളി കൊല്ലം പരവൂർ കോട്ടപ്പുറം ചാത്തന്നൂർ പഞ്ചായത്ത് ആറ്റുപുറം വീട്ടിൽ രാഹുൽ രാജ് (43) എന്നിവരെയാണ് കഴിഞ്ഞ രാത്രി അമ്പലപ്പുഴ നീർക്കുന്നം കൃഷി ഓഫീസിനു സമീപത്ത് വച്ച് പിടികൂടിയത്.
അപരിചിതരായ രണ്ടുപേർ നിൽക്കുന്നതായി നാട്ടുകാർ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീഷ്കുമാറിനെ അറിയിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ സബ് ഇൻസ്പെക്ടർ ഹാഷിമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാക്കളാണെന്ന് തിരിച്ചറിഞ്ഞത്.
തൃശൂർ വടകര പോലീസ് സ്റ്റേഷനിൽ നിന്നു ബുള്ളറ്റ് മോഷ്ടിച്ച് കടന്നുകളഞ്ഞു പോലീസ് പിന്തുടരുകയും തുടർന്ന് ബുള്ളറ്റ് ഉപേക്ഷിച്ച് ഷൊർണൂരിൽ എത്തിയ പ്രതികൾ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് പിടിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരിക്കേൽപ്പിച്ച് തള്ളിയിട്ട ശേഷം കടന്നുകളഞ്ഞു. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലെ പൾസർ ബൈക്ക് മോഷ്ടിച്ച ബൈക്കുമായാണ് അമ്പലപ്പുഴയിൽ എത്തിയത്.
തുടർന്ന് അമ്പലപ്പുഴ പോലീസ് ബൈക്ക് മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വടിവാൾ വിനീത് രണ്ടാഴ്ച മുൻപ് കോട്ടയം ചിങ്ങവനത്തുനിന്ന് മോഷ്ടിച്ച ബൈക്കുമായി ആലപ്പുഴയിൽ പിടിയിലായെങ്കിലും ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ആലപ്പുഴ ജില്ലയിലെ രാമങ്കരി, നെടുമുടി, ചെങ്ങന്നൂർ, എറണാകുളം ജില്ലയിലെ എളമക്കര, ചേരാനല്ലൂർ, എറണാകുളം സെൻട്രൽ, എറണാകുളം ടൗൺ നോർത്ത്, കളമശ്ശേരി, പാലാരിവട്ടം എറണാകുളം റൂറലിലെ കുന്നത്തുനാട്, പെരുമ്പാവൂർ എടത്തല, മലപ്പുറം ജില്ലയിലെ മഞ്ചേരി, മേലാറ്റൂർ പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ്, തിരുവല്ല പന്തളം, കൊല്ലം ജില്ലയിലെ കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം പാരിപ്പള്ളി, ചവറ കൊല്ലം റൂറലിലെ ചടയമംഗലം, കുണ്ടറ ശാസ്താംകോട്ട തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളിലെ മോഷണം, അടിപിടി, പിടിച്ചുപറി കേസുകളിലെ പ്രതിയും ചവറ പോലീസ് സ്റ്റേഷനിൽ വടിവാളുമായി ചെന്ന് പോലീസിനെ ഭീഷണിപ്പെടുത്തിയതിന് പോലീസ് തെരയുന്നയാളുമാണ്.
കൂടെയുണ്ടായിരുന്ന രാഹുൽ രാജ് മൂന്നോളം കേസിൽ കോടതി ശിക്ഷിച്ച് 2024 ജയിലിൽ നിന്നിറങ്ങിയ കുറ്റവാളിയാണ്. ഇയാൾക്ക് എറണാകുളം ആർപിഎഫ്, ആലുവ കടയ്ക്കൽ എന്നീ സ്റ്റേഷനുകളിലെ കേസിൽ പ്രതിയായിരുന്നു.
അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീഷ്കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഹാഷിം, അനീഷ് കെ. ദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുജിമോൻ, നൗഷാദ്, ജി. വിഷ്ണു , മുഹമ്മദ് ഷെഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.