തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ
1532958
Saturday, March 15, 2025 12:01 AM IST
കായംകുളം: ചേരാവള്ളിയിൽ റെയിൽവേ കരാർ പണിക്കായി വന്ന തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച് ലക്ഷങ്ങൾ കവർന്ന കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ വൈസിലിനെ ചേരാവള്ളിയിലെ വാടകവീട്ടിൽനിന്നു തട്ടിക്കൊണ്ടു പോയി കത്തികൊണ്ട് മുറിവേൽപ്പിച്ച ശേഷം പഴ്സ് തട്ടിയെടുക്കുകയും മൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങി ലക്ഷങ്ങൾ അക്കൗണ്ടിൽനിന്നു പിൻവലിച്ച കേസിലാണ് ഒന്നാം കായംകുളം ചേരാവള്ളി ബാസിത്ത് മൻസിലിൽ അമീൻ (24) അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കായംകുളം പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞുവച്ച് കായംകുളം പോലീസിന് കൈമാറുകയായിരുന്നു.
കേസിലെ അഞ്ച് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ കായംകുളം എസ് ബിഐയുടെ എടിഎമ്മിൽനിന്നു പരാതിക്കാരന്റെ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പിടിയിലായ അമീൻ കായംകുളം പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമ കേസിലും മയക്കുമരുന്ന് കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.