മാലിന്യമുക്ത ജില്ല: പരിശോധന ശക്തമാക്കി
1533299
Sunday, March 16, 2025 3:02 AM IST
ആലപ്പുഴ: മാർച്ച് 31ന് സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തദ്ദേശവകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി. പട്ടണക്കാട് ബ്ലോക്ക്, മുതുകുളം ബ്ലോക്ക്, തൃക്കുന്നപുഴ പഞ്ചായത്തുകളില്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 15 കിലോ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസുകളും പിടികൂടി.
27 സ്ഥാപനങ്ങളിലാണ് സ്ക്വാഡ് പരിശോധന നടത്തിയത്. അശാസ്ത്രീയ മാലിന്യ സംസ്കരണം, അജൈവമാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാത്തത്, പരിസരം വൃത്തിയായി സൂക്ഷിക്കാത്തത് തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരേ 11 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു.