സ്വപ്നങ്ങള്‍ ബാക്കിവച്ച് അമ്മയും മകളും യാത്രയായി
1532956
Saturday, March 15, 2025 12:01 AM IST
എടത്വ: കുടുംബപ്രശ്നങ്ങളും ഏക മകളുടെ പഠനത്തിലെ പാളിച്ചയും താങ്ങാനാവാതെ മകളെയും കൂട്ടി ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത അമ്മയുടെയും മകളുടെയും സംസ്കാരം നടത്തി. തകഴി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കേളമംഗലം വിജയ നിവാസില്‍ പരേതരായ ഗോപാലകൃഷ്ണപിള്ളയുടെയും വിജയലക്ഷ്മിയുടെയും മകള്‍ പ്രിയ (46), ചെറുമകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് തകഴി ആശുപത്രിക്കു സമീപത്ത് ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
ഇരുവരുടെയും മരണവിവരം ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഒരു നാടു മുഴുവന്‍ രണ്ടു ദിവസമായി വിറങ്ങലിച്ചുനില്‍ക്കുകയാണ്. അയല്പക്കത്തെ വീട്ടുകാരോടു കുശലം പറഞ്ഞാണ് കൃഷ്ണപ്രിയ മരണദിവസവും അമ്മയുമൊത്ത് വീട്ടില്‍നിന്ന് ഇറങ്ങിയത്. മണിക്കൂറുകള്‍ക്കു ശേഷം ഇരുവരുടെയും ആത്മഹത്യ ഉള്‍ക്കൊള്ളാന്‍ കഴിയാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി.
ഇന്നലെ ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹം സംസ്കരിച്ചത്. വീയപുരം പഞ്ചായത്ത് ഹെഡ് ക്ലര്‍ക്കായിരുന്ന പ്രിയയുടെ ജീവിതം കടുത്ത യാതനകള്‍ നിറഞ്ഞതായിരുന്നു.
പടഹാരം സ്വദേശി മഹേഷുമായി വിവാഹം നടന്നെങ്കിലും തുടർന്നുള്ള ജീവിതത്തില്‍ വിള്ളല്‍ വീണിരുന്നു. ഇരുവരും വിവാഹമോചനത്തിന്റെ വക്കിലുമാണ്. പ്രിയയുടെ ഏക ആശ്വാസം അമ്പലപ്പുഴ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്ന ഏകമകള്‍ കൃഷ്ണപ്രിയ മാത്രമായിരുന്നു. പഠന നിലവാരത്തില്‍ കൃഷ്ണപ്രിയ മികവ് പുലര്‍ത്തിയെങ്കിലും പരീക്ഷയിലെ ചില പോരായ്മ പ്രിയയെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നു. പത്താം ക്ലാസില്‍ നൂറു ശതമാനം വിജയം പ്രതീക്ഷിച്ച പ്രിയ തുടര്‍പഠനത്തിന് ഉന്നത നിലവാരമുള്ള സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാനായിരുന്നു തീരുമാനം.
മകളുടെ പഠനം അലട്ടിയ പ്രിയ ഒരു മാസം ലീവെടുത്ത് മകള്‍ക്കൊപ്പം കൂട്ടിരുന്നു പഠിപ്പിക്കാന്‍ ശ്രമിച്ചു. മാനസിക സമ്മര്‍ദം ഏറിയതോടെ കൗണ്‍സലിംഗില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഹെഡ് ക്ലാര്‍ക്കില്‍നിന്ന് പഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ പ്രമോഷന് ലഭിച്ചെങ്കിലും മകളുടെ പഠനകാര്യത്തില്‍ കടുത്ത സമ്മര്‍ദം കൂടിവന്നു.
കൊടിക്കുന്നില്‍ സുരേഷ് എംപി, ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. വേണു, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ശ്രീജിത്ത്, പഞ്ചായത്ത് അംഗങ്ങളായ ജയചന്ദ്രന്, ബന്‍സണ്‍ ജോസഫ്, കരുണാകരന് നായര്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിൽ എത്തി.