ആലപ്പുഴ ഗവ. ഡെന്റല്‍ കോളജിന് ഇനി സ്വന്തം കെട്ടിടം
1532339
Thursday, March 13, 2025 12:02 AM IST
അമ്പലപ്പുഴ: ആലപ്പുഴ ഗവൺമെ ന്റ് ഡെന്റല്‍ കോളജിന് ഇനി സ്വന്തം കെട്ടിടം. കഴിഞ്ഞദിവസം മുതല്‍ യന്ത്രസാമഗ്രികള്‍ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കരാറുകാരന് കൊടുക്കാനുള്ള തുക നല്കി. കെട്ടിടത്തിന്റെ അവസാന ജോലികള്‍ ആരംഭിച്ചു. കോളജിന്റെ അടിസ്ഥാനസൗകര്യം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യന്‍ ഡെന്റല്‍ കൗണ്‍സിലിന്റെ അന്ത്യശാസനം നല്‍കിയിരുന്നു.
അല്ലാത്തപക്ഷം കോളജിന്റെ അംഗീകാരം ഇല്ലാതാകുമെന്നായിരുന്നു അന്ത്യശാസനം. അഞ്ചു വർഷം കൂടുമ്പോഴാണ് കൗൺസിലിന്റെ പരിശോധന നടത്തുന്നത്. അവസാനമായി 2023 ല്‍ നടത്തിയ പരിശോധനയിലും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകള്‍ പരിഹരിക്കണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പിന് നല്‍കിയിരുന്നതാണ്. എത്രയും വേഗം പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും അറിയിച്ചിരുന്നു. പിന്നീട് പകുതിയോളം പോരായ്മകള്‍ പരിഹരിച്ചിരുന്നു.
എന്നാല്‍, പൂര്‍ണമായും പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു ദന്തല്‍ കൗണ്‍സില്‍ അന്ത്യശാസനം നല്‍കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ദന്തല്‍ കോളജിന്റെ അംഗീകാരം തുടരാനാകില്ലെന്നും നിലവിലുള്ള കുട്ടികളെ മറ്റ് കോളജുകളിലേക്ക് മാറ്റേണ്ടിവരുമെന്നുമായിരുന്നു അന്ത്യശാസനം.
എന്നാല്‍, സംസ്ഥാന ആരോഗ്യ ഡെപ്യൂട്ടി സെക്രട്ടറി ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ ഡെപ്യൂട്ടി സെക്രട്ടറിക്ക് വിശദീകരണം നല്‍കിയിരുന്നു. എത്രയും വേഗം അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാമെന്നാണ് രേഖാമൂലം അറിയിച്ചിരുന്നത്. തുടര്‍ന്നാണ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാവകാശം നല്‍കിയത്. കെട്ടിടം പൂര്‍ത്തിയാക്കി കോളജിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടൊപ്പം പിജി കോഴ്സിന്റെ അംഗീകാരത്തിനുള്ള നടപടികളും സ്വീകരിക്കും.
2014ലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വണ്ടാനത്ത് ദന്തൽ കോളജിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുന്നത്.
തുടർന്ന് പാരാമെഡിക്കൽ ഇൻസ്റ്റിട്യൂട്ട് കെട്ടിടത്തിൽ കോളജിന്റെ പ്രവർത്തനം ആരംഭിച്ചു. മൂന്നു നിലകളുള്ള പുതിയ കെട്ടിട നിർമാണം ആരംഭിച്ചെങ്കിലും ആദ്യനിലമാത്രമാണ് പൂർത്തിയാക്കാനായത്.
ഒറ്റനിലയിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ കോളജിന്റെ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചില്ല. തുടർന്ന് മറ്റ് രണ്ട് നിലകളുടെ നിർമാണം ആരംഭിച്ചു.
എന്നാൽ, മതിയായ തുക ലഭിക്കാത്തതിന്റെ പേരിൽ കരാറുകാർ നിർമാണപ്രവർത്തനങ്ങൾ പലതവണ വൈകിപ്പിച്ചു. കഴിഞ്ഞ രണ്ടുവർഷമായി നിർമാണം പൂർണമായും നിർത്തിവച്ചിരിക്കുകയായിരുന്നു. അവസാന മിനുക്കുപണികൾ മാത്രം ബാക്കിനിൽക്കുമ്പോഴായിരുന്നു ഇന്ത്യൻ ഡെന്റൽ കൗൺസിലിന്റെ അന്ത്യശാസനം.