കളക്ടറുടെ ഉത്തരവിനു പുല്ലുവില: പള്ളിപ്പാട് വ്യാപക നിലം നികത്തൽ
1532332
Thursday, March 13, 2025 12:02 AM IST
ഹരിപ്പാട്: പള്ളിപ്പാട് പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ തരിശുനിലങ്ങളും പുഞ്ചനിലങ്ങളും വ്യാപകമായി നികത്തുന്നത് തുടരുകയാണ്. കളക്ടറുടെ ഉത്തരവിനെ പോലും കാറ്റിൽപറത്തി ക്കൊണ്ടാണ് രാത്രിയുടെ മറവിൽ ടിപ്പർ ലോറികളിൽഗ്രാവലടിക്കുന്നത്. ഭരണപക്ഷത്തെ പ്രമുഖ പങ്കാളിയായ പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയോടെയാണ് നികത്തൽ നടക്കുന്നത്.
പത്താം വാർഡിൽ പറയകാട്ടിൽ, പന്ത്രണ്ടാം വാർഡിൽ പേറുകാട്ട് പള്ളിക്ക് വടക്ക്, നാലാം വാർഡിൽ പറയങ്കേരിൽ, ഒന്നാം വാർഡിൽ വഴുതാനം എന്നിവിടങ്ങളിലാണ് തരിശുനിലങ്ങൾ നികത്തിക്കൊണ്ടിരിക്കുന്നത്. ഹരിപ്പാട്-ഇലഞ്ഞിമേൽ റോഡിൽ പറയങ്കേരി പാലത്തിനു സമീപം 30 സെന്റ് പുഞ്ചനിലം നികത്തിയതിനെതിരേ പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെ നികത്തിയ നിലം പൂർവസ്ഥിതിയിലാക്കണമെന്ന് കളക്ടറുടെ ഉത്തരവിറങ്ങിയിരുന്നു.
പക്ഷേ, നാളിതുവരെ യാതൊരു നടപടിയുമായിട്ടില്ല. നികത്തിയ നിലം സർക്കാർ ചെലവിൽ പൂർവസ്ഥിതിയിലാക്കിയിട്ട് ഉടമയിൽനിന്ന് ഈടാക്കുമെന്ന റവന്യൂ അധികൃതരുടെ മറുപടി പതിവു പല്ലവിയായിരിക്കുകയാണ്. നിലംനികർത്തൽ മാഫിയ -രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണ്. തരിശു നിലങ്ങൾ തുശ്ചമായ വിലയ്ക്ക് വാങ്ങി നികത്തി വൻ വിലയ്ക്ക് വിറ്റ് ലാഭം കൊയ്യുന്ന സംഘങ്ങളും സജീവമാണ്. ക്വട്ടേഷൻ സംഘങ്ങളെ കാവൽ നിർത്തിക്കൊണ്ട് ലോഡ് കണക്കിന് മണ്ണ് ഇറക്കുന്നത്. റോഡ് സൈഡിലുള്ള തരിശുനിലങ്ങളും ഉടമകളും ഇക്കൂട്ടരുടെ പിടിയിലായിരിക്കുകയാണ്.
തലചായ്ക്കാനിടമില്ലാത്ത പാവപ്പെട്ടവർ അഞ്ചോ പത്തോ സെന്റ് നികത്തി വീടുവയ്ക്കുന്നതിന് റവന്യു- കൃഷി ഉദ്യോഗസ്ഥരെ സമീപിക്കുമ്പോൾ തണ്ണീർത്തട സംരക്ഷണനിയമമെന്ന കൊടുവാളെടുത്ത് വീശുന്ന ഇതേ ഉദ്യോഗസ്ഥർ തന്നെ നികത്തൽ മാഫിയയുടെ പിണിയാളുകളായി മാറിയിരിക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.