മെഡി. കോളജ് ആശുപത്രി ജംഗ്ഷനിൽ അടിപ്പാതയ്ക്കായി സമര സായാഹ്നം
1532330
Thursday, March 13, 2025 12:02 AM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ജംഗ്ഷനിൽ 30 മീറ്റർ അടിപ്പാത നിർമാണമാവശ്യപ്പെട്ട് സമര സായാഹ്നം സംഘടിപ്പിച്ചു. നിലവിൽ 13 മീറ്റർ അടിപ്പാതയാണ് ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ഇവിടെ നിർമിക്കുന്നത്. അശാസ്ത്രീയമായ രീതിയിൽ നടക്കുന്ന അടിപ്പാതയുടെ നിർമാണത്തിനെതിരേ കഴിഞ്ഞ ഒരുമാസമായി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിനു തുടക്കം കുറിച്ചിരുന്നു. ഒരാഴ്ച മുൻപ് അടിപ്പാത നിർമാണം തടസപ്പെടുത്തിയ സമരസമിതി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയമായ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി കവാടത്തിലെ അടിപ്പാത നിർമാണമാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ തടസപ്പെടുത്തിയത്. രോഗികൾക്ക് ദുരിതം വിതച്ചാണ് ഇവിടെ അടിപ്പാത നിർമാണം നടക്കുന്നത്.
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കും രണ്ട് പ്രധാന കവാടങ്ങളാണുള്ളത്. എന്നാല്‍, ആലപ്പുഴയ്ക്ക് മാത്രം ഒരു പ്രധാന കവാടമാണുള്ളത്. ഇതുവഴിവേണം രോഗികള്‍ക്കും ആംബുലന്‍സിനും കെഎസ്ആര്‍ടിസി ബസിനും കൂടാതെ ആശുപത്രിയുടെ നിര്‍മാണ സാമഗ്രികളുമായെത്തുന്ന വാഹനങ്ങള്‍ക്കും കയറി ഇറങ്ങേണ്ടത്.
ആശുപത്രി ആവശ്യങ്ങള്‍ക്കായെത്തുന്ന ഗ്യാസ് കണ്ടയ്നറുകള്‍ വേറെയും. ഇതെല്ലാം കയറി ഇറങ്ങേണ്ട പ്രധാന കവാടത്തില്‍ ഇപ്പോൾ അടിപ്പാത നിര്‍മിക്കുന്നത് 13 മീറ്ററിലാണ്. പ്രധാന കവാടത്തിന്റെ നീളമാണ് അടിപ്പാതയ്ക്കായി പരിഗണിച്ചിട്ടുള്ളത്. തുടക്കത്തില്‍ രൂപരേഖയില്‍ ഇവിടെ അടിപ്പാത ഉണ്ടായിരുന്നില്ല. സംസ്ഥാനത്തെ ദേശീയപാതയ്ക്കരുകിലെ ഏക മെഡിക്കല്‍ കോളജ് ആശുപത്രിയാണ് ആലപ്പുഴ വണ്ടാനത്ത് പ്രവര്‍ത്തിക്കുന്നത്.
സൂപ്പര്‍ സ്പെഷാലിറ്റിയില്‍ ചികിത്സതേടിയെത്തുന്നവരുള്പ്പെടെ ആയിരക്കണക്കിന് രോഗികളാണ് ആശുപത്രിയില്‍ എത്തുന്നത്. നിലവിൽ നിർമാണമാരംഭിച്ചിരിക്കുന്ന അടിപ്പാത തികച്ചും അശാസ്ത്രീയമാണെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. 30 മീറ്റർ വീതിയിലുള്ള അടിപ്പാത നിർമിച്ചാൽ മാത്രമേ മെഡിക്കൽ കോളജ് ജംഗ്ഷനിലെ ദുരിതത്തിനു പരിഹാരമാകു.
ഇപ്പോഴുള്ള രൂപ രേഖയിൽ ഫുട്പാത്തുപോലുമില്ല. കെ.സി.വേണുഗോപാൽ എംപിയുടെ നിർദേശ പ്രകാരം ഇപ്പോൾ നിർമാണപ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തികച്ചും അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങൾക്കെതിരെയാണ് സമരസമിതിയുടെ നേതൃത്വത്തിൽ ആശുപത്രി ജംഗ്ഷനിൽ സമര സായാഹ്നം സംഘടിപ്പിച്ചത്. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ സമരസാഹ്നം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ അഡ്വ. ബി. സുരേഷ് അധ്യക്ഷത വഹിച്ചു.