എടത്വ പള്ളിയുടെ പ്രത്യാശ ഭവന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
1532331
Thursday, March 13, 2025 12:02 AM IST
എടത്വ: സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയുടെ നേതൃത്വത്തില്‍ വാസയോഗ്യമായ സ്വന്തം ഭവനമില്ലാതെ വേദനിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രത്യാശ ഭവനങ്ങള്‍ ഒരുക്കുന്നു. പ്രത്യാശഭവനം ജൂബിലിവര്‍ഷം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ഇന്നു മൂന്നിന് എടത്വ പള്ളി പില്‍ഗ്രിം ഹാളില്‍ നടക്കും. മന്ത്രി സജി ചെറിയാന് ഉദ്ഘാടനവും ആർച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അടിസ്ഥാന ശിലാ വെഞ്ചരിപ്പ് കര്‍മവും നിര്‍വഹിക്കും. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. ആന്റണി ഏത്തയ്ക്കാട് അധ്യക്ഷത വഹിക്കും. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ പദ്ധതി വിശദീകരിക്കും.
സ്വന്തമായി ഭവനം ഇല്ലാത്ത കുടുംബങ്ങള്‍ക്കായാണ് പ്രത്യാശ ഭവനങ്ങള്‍ നിര്‍മിക്കുന്നത്. 2025 ജൂബിലിവര്‍ഷം പ്രത്യാശയുടെ സന്ദേശം പകരുന്നവരാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ഏറ്റെടുത്താണ് എന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായ എടത്വ ഇടവക കുടുംബം ഭവനങ്ങള്‍ നിര്‍മിക്കുന്നത്.
ഒന്‍പത് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയും വീടും ഉള്‍പ്പെടെ 29 പുതിയ വീടുകളും 40 വീടുകള്‍ പുതുക്കി പണിതും സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍പ്പെട്ട 40 വീടുകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായമേകിയും നടപ്പാക്കുന്ന അഞ്ചു കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. കൂടാതെ ചികിത്സ, വിദ്യാഭ്യാസം, പെന്ഷന് സഹായങ്ങള്‍ക്കും ഇടവക സമൂഹമൊന്നാകെ കൈകോര്‍ക്കുന്നുണ്ട്.
ഉദ്ഘാടന സമ്മേഷളനത്തില് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, എടത്വ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ്, കൈക്കാരന്മാരായ ജെയ്സപ്പന്‍ മത്തായി കണ്ടത്തില്‍, പി.കെ. ഫ്രാന്‍സി സ് കണ്ടത്തില്‍പറമ്പില്‍ പത്തില്‍, ജയിംസുകുട്ടി കന്നേല്‍ തോട്ടുകടവില്‍, കണ്‍വീനര്‍ ജോസിമോന് അഗസ്റ്റിന്, ടോമിച്ചന് പറപ്പള്ളി, സാം സഖറിയ വാതല്ലൂര്‍, റോബിന് റ്റി. കളങ്ങര എന്നിവര്‍ പ്രസംഗിക്കും. പള്ളി അങ്കണത്തില്‍ പ്രകൃതി സൗഹാര്‍ദ വൃക്ഷതൈകള്‍ മന്ത്രി സജി ചെറിയാന് നടും.