എങ്ങുമെത്താതെ നെല്ലുസംഭരണം; ഏജൻസികളുടെ ചൂഷണം തുടരുന്നു
1532338
Thursday, March 13, 2025 12:02 AM IST
ഹരിപ്പാട്: വീയപുരം രണ്ടാം വാർഡിൽ മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരത്തിൽ ആറാം ദിവസവും നെല്ലുസംഭരണം ആരംഭിച്ചില്ല. മില്ലുടമകളും ഏജൻസികളും ചൂഷണശ്രമം തുടരുന്നതാണ് നെല്ലുസംഭരണം അനന്തമായി നീളാൻ കാരണം. നനവിന്റെ അംശം പോലുമില്ലാത്ത നെല്ലിൽ ഈർപ്പ പരിശോധനയോ ഗുണനിലവാര പരിശോധനയോ നടത്താതെ പ്രത്യക്ഷത്തിൽ രണ്ടു കിലോഗ്രാം കിഴിവ് ഏജൻസികൾ ആവശ്യപ്പെടുകയായിരുന്നു.
പരിശോധന നടത്തിയതിനു ശേഷം കിഴിവ് ആവശ്യമെങ്കിൽ കർഷകർ നൽകാൻ തയാറായിരുന്നു. എന്നാൽ, പരിശോധനയ്ക്ക് ഏജൻസികൾ തയാറായില്ല. ഇതിനെത്തുടർന്ന് പാടത്തെ സംഭരണച്ചുമതലയുള്ള മൂന്നു മില്ലുകൾക്കും നെല്ല് നൽകേണ്ടതില്ല എന്ന് പാടശേഖരസമിതി അടിയന്തര പൊതുയോഗം കൂടി തീരുമാനിച്ചു.
പിഎംഒയുടെ സാന്നിധ്യത്തിൽ ഗുണനിലവാര പരിശോധന നടത്താനും പൊതുയോഗം തീരുമാനിച്ചു. ഏറ്റവും മികച്ച പാടശേഖരവും ഗുണനിലവാരമുള്ള നെല്ലുമാണിവിടത്തേത്. ഏജൻസികളുടെ കിഴിവിനായുള്ള പിടിവാശി മൂലം ഏതാനം കർഷകർ നെല്ലിന്റെ സാമ്പിളെടുത്ത് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തി. പരിശോധനാഫലം കർഷകർക്ക് അനുകൂലമായതിനാൽ പാഡി മാർക്കറ്റിംഗ് ഓഫീസറുടെ സാന്നിധ്യത്തിൽ ഗുണനിലവാര പരിശോധന നടത്താൻ തയാറെടുക്കുകയാണ് കർഷകർ.
സംഭരണം നടക്കാത്തതിനെ ത്തുടർന്ന് വീയപുരം കൃഷി ഓഫീസർ വിജി, കൃഷി അസിസ്റ്റന്റ് മുരളീധരൻ എന്നിവർ പാടശേഖരത്തിലെത്തി കർഷകരുമായി ചർച്ച ചെയ്യുകയും നെല്ല് പരിശോധിക്കുകയും ചെയ്തു. ഏകദേശം പതിനഞ്ചോളം ലോഡ് നെല്ല് സംഭരണം നടക്കാതെ പാടശേഖരത്തിൽ കെട്ടിക്കിടക്കുകയാണ്. പുതിയ മില്ലുകാരെ കാത്ത് കഴിയുകയാണ് കർഷകരും പാടശേഖര സമിതിയും. യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഏജൻസികൾ കിഴിവ് ആവശ്യപ്പെടുന്നതെന്നും ഇത്തരം ഏജൻസികൾക്കെതിരേ നടപടി വേണമെന്നും കർഷകർ ആവശ്യപ്പെടുന്നു.