കെ.സി. വേണുഗോപാലിന്റെ ഹര്‍ജിയില്‍ ശോഭ സുരേന്ദ്രനെതിരേ കേസെടുക്കാൻ ഉത്തരവ്
1532334
Thursday, March 13, 2025 12:02 AM IST
ആലപ്പുഴ: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരേ മാനനഷ്ടക്കേസെടുക്കാന്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗം ഉത്തരവിട്ടു. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാല്‍ നല്കിയ ഹര്‍ജിയില്‍മേലാണ് നടപടി.
അഡ്വ. മാത്യു കുഴല്നാടന്, അഡ്വ. ആര്. സനല്‍കുമാര്‍, അഡ്വ. കെ. ലാലി ജോസഫ് എന്നിവര്‍ മുഖേനയാണ് കെ.സി. വേണുഗോപാല്‍ ഹര്‍ജി ഫയല്‍ ചെയ്തത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് സത്യത്തിന്റെ കണിക പോലുമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കെ.സി. വേണുഗോപാലിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ശോഭ സുരേന്ദ്രന് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയത്.
പൊതുസമൂഹത്തില്‍ വ്യക്തിഹത്യ നടത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും ശോഭാ സുരേന്ദ്രന് ബോധപൂര്‍വം നടത്തിയ പച്ചനുണ പിന്‍വലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍, നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മാപ്പു പറയാന്‍ കൂട്ടാക്കിയില്ല. ഇതിനെതിരെയാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വേണുഗോപാല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ഹര്‍ജിക്കാരനായ വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴിയും നല്‍കിയിരുന്നു. ഒരുവിധ തെളിവിന്റെയും പിന്‍ബലമില്ലാതെ ശോഭാ സുരേന്ദ്രന് തുടര്‍ച്ചയായി കെ.സി. വേണുഗോപാലിനെതിരേ ആരോപണം ഉന്നയിച്ചതിനെതിരായാണ് ക്രിമിനല്‍ നടപടി പ്രകാരം മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത്.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ നേരത്തെ കെ.സി. വേണുഗോപാല്‍ ശോഭാ സുരേന്ദ്രന് എതിരായി പരാതിയും നല്‍കിയിരുന്നു.