ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം
1532333
Thursday, March 13, 2025 12:02 AM IST
പൂച്ചാക്കല്‍: ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ലോക ഗ്ലോക്കോമ വരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്. രജിത ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് അധ്യക്ഷനായി.ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി, ആരോഗ്യ കേരളം, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത്, ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത്, പള്ളിപ്പുറം കുടുംബ ആരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ മരണാനന്തരം കണ്ണ് ദാനം ചെയ്തവരുടെ കുടുംമ്പാംഗങ്ങളെ ആദരിച്ചു. ആലപ്പുഴ ജനറല്‍ ആശുപത്രി മൊബൈല്‍ യൂണിറ്റ് ഒഫ്താല്‍മോളജിസ്റ്റ് ഡോ. നവജീവന്റെ നേതൃത്വത്തില്‍ ഗ്ലോക്കോമ ബോധവത്കരണ ക്ലാസും ഗ്ലോക്കോമ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പില്‍ 170 പേര് പങ്കെടുത്തു. ദീപാ സജീവ്, എന്‍.കെ. ജനാര്ദനന്, ഷില്‍ജ സലിം, ഡോ. ഐ. ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.