സ്വകാര്യബസിനുള്ളില്നിന്നു നിരോധിത പുകയില പിടികൂടി
1532336
Thursday, March 13, 2025 12:02 AM IST
ചേർത്തല: ഓപ്പറേഷൻ ഹണ്ടിന്റെ ഭാഗമായി പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് സ്വകാര്യ ബസിനുള്ളില്‍ നടത്തിയ പരിശോധനയിൽ സ്കൂൾ വിദ്യാർഥികൾക്ക് വിൽപ്പനയ്ക്കെത്തിച്ച 30 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു. സ്വകാര്യബസ് ഡ്രൈവർ എഴുപുന്ന അനിൽ നിവാസിൽ അനിൽകുമാർ (33), കണ്ടക്ടർ പട്ടണക്കാട് കണ്ടത്തിൽ ഹൗസിൽ പ്രേംജിത്ത് (38) എന്നിവരെ പിടികൂടി.
ചേർത്തല- എറണാകുളം റൂട്ടിൽ ഓടുന്ന എൻഎം ബസിൽനിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു. ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചേർത്തല പോലീസുമായി ചേർന്ന് ഇന്നലെ രാവിലെ ചേർത്തല സ്വകാര്യ ബസ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് ബസിനുള്ളിൽനിന്ന് ഹാൻസ് പിടിച്ചെടുത്തത്.
പരിശോധനയിൽ ബസിനുള്ളിൽനിന്ന് വിദേശ മദ്യവും കണ്ടെത്തിയതായി യാത്രക്കാർ പരാതി ഉയർത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എഡിജിപിയുടെ ഡ്രൈവറായ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലാണ് ബസ്.
സംഭവത്തെത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് ചിലര്‍ ഭീഷിണിപ്പെടുത്തിയതായും വിമർശനമുയർന്നിട്ടുണ്ട്. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർവാഹന വകുപ്പ് അറിയിച്ചു.