കെപി റോഡിൽ ഗതാഗതം മുടക്കി ബസുകൾ: നടപടി ശക്തമാക്കി മോട്ടോർ വാഹനവകുപ്പ്
1532327
Thursday, March 13, 2025 12:02 AM IST
ചാരുംമൂട്: ബസ് സ്റ്റോപ്പിൽ അല്ലാതെ തോന്നുംപടി നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്വകാര്യബസുകൾക്കെതിരേ കർശന നടപടി സ്വീകരിച്ച് മോട്ടോർ വാഹനവകുപ്പ്. ചാരുംമൂട് ജംഗ്ഷനിൽ ഗതാഗതതടസം പതിവായതിനെത്തുടർന്നാണ് മാവേലിക്കര ജോയിന്റ് ആർടിഒ എം.ജി. മനോജിന്റെ നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ബസുകളുടെ അനധികൃത പാർക്കിംഗ് നിരീക്ഷിക്കാനായി രാവിലെ ഏഴുമുതൽ തന്നെ മഫ്തിയിൽ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങിയിരുന്നു. ചാരുംമൂട് നിന്ന് കായംകുളം പോകുന്ന വഴി സ്കൂളിന് സമീപം ബസ് ബേ ഉണ്ടെങ്കിലും അവിടെ ബസുകൾ നിർത്താത്തതിനാൽ യാത്രക്കാർ ചാരുംമൂട് ജംഗ്ഷന് സമീപമാണ് ബസ് കാത്തുനിന്നിരുന്നത്. ഇതുമൂലം ചാരുംമൂട് ജംഗ്ഷനിൽ നിരന്തരമായ ഗതാഗതതടസം ഉണ്ടാവുകയും അതുവഴി സ്ഥിരം യാത്ര ചെയ്യുന്ന ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതും പതിവായിരുന്നു.
പരിശോധനയെത്തുടർന്ന് നിർദിഷ്ട ബസ് സ്റ്റോപ്പിൽ അല്ലാതെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത ബസുകൾക്കെതിരേ നടപടിയെടുത്തു. പരിശോധനയിൽ മൂന്ന് കെഎസ്ആർടിസി ബസുകളും കുടുങ്ങി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ബേബി ജോണിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എം വി ഐ പ്രമോദ്, എഎംവിഐമാരായ ഹരികുമാർ, സജു പി. ചന്ദ്രൻ, ദിനൂപ്, പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.
അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങളും പരിശോധിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും കെപി റോഡിൽ പരിശോധനകൾ കർശനമാക്കുമെന്ന് ജോയിന്റ് ആർടിഒ എം.ജി. മനോജ് അറിയിച്ചു.